News

ഇന്ത്യയ്ക്ക് പരമ്പര ഉറപ്പിക്കാനുള്ള അവസരം; ന്യൂസിലന്‍ഡ് ബാറ്റിംഗ്

By sreenitha

January 25, 2026

ഗുവാഹത്തി: ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ, ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് വിട്ടു. പരമ്പര ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ സംഘം ഗുവാഹത്തിയില്‍ ഇറങ്ങുന്നത്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നും വിജയക്കുതിപ്പ് തുടരാനായാല്‍ പരമ്പര സ്വന്തമാക്കാം. ടീമില്‍ രണ്ട് മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അര്‍ഷ്ദീപ് സിങ്ങിനും വരുണ്‍ ചക്രവര്‍ത്തിക്കും വിശ്രമം നല്‍കിയപ്പോള്‍, പേസര്‍ ജസ്പ്രീത് ബുംറയും സ്പിന്നര്‍ രവി ബിഷ്‌ണോയിയും പ്ലെയിങ് ഇലവനിലെത്തി.

മലയാളി താരം സഞ്ജു സാംസണിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ആദ്യ രണ്ട് കളികളില്‍ യഥാക്രമം 10 റണ്‍സും 6 റണ്‍സുമാണ് സഞ്ജു നേടിയത്. വീണ്ടും പരാജയപ്പെട്ടാല്‍ പ്ലെയിങ് ഇലവനിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകും. അങ്ങനെ വന്നാല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസുകള്‍ ഇഷാന്‍ കിഷന് നല്‍കാനും, ശ്രേയസ് അയ്യറെ ടീമിലേക്കു തിരികെ കൊണ്ടുവരാനും ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാകുമെന്നാണ് സൂചന.

ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. നാഗ്പൂരില്‍ അഭിഷേക് ശര്‍മയും റിങ്കു സിംഗും തിളങ്ങിയപ്പോള്‍, റായ്പൂരില്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നിര്‍ണായക പ്രകടനം നടത്തി. ശ്രേയസ് അയ്യറെ ബെഞ്ചിലിരുത്തിയാണ് ഇഷാന് അവസരം നല്‍കിയത്.

ഇന്ത്യന്‍ ക്യാമ്പില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. ഏകദിന പരമ്പര നേടിയ ന്യൂസിലന്‍ഡിന് സമാന പ്രകടനം ആവര്‍ത്തിക്കാന്‍ മൂന്നാം ട്വന്റി20യില്‍ വിജയം അനിവാര്യമാണ്.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, ഹര്‍ഷിത് റാണ

ന്യൂസിലന്‍ഡ് ടീം: മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, ടീം സീഫെര്‍ട്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഇഷ് സോഡി, മാര്‍ക്ക് ചാപ്മാന്‍, രചിന്‍ രവീന്ദ്ര, കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ജേക്കബ് ഡഫി