X
    Categories: keralaNews

വാമനനെ അധിക്ഷേപിച്ചെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി; അധ്യാപികയെ പൊലീസ് സ്റ്റേഷനില്‍ മാപ്പ് പറയിച്ചു

കോട്ടയം: സ്​കൂൾ വാട്​സ്​ആപ്പ്​ ഗ്രൂപ്പിൽ നൽകിയ ഓണസന്ദേശത്തിലെ വാമന പരാമർശം വിവാദമായതോടെ മാപ്പ്​ പറഞ്ഞ്​ കന്യാസ്​ത്രീ. ഇവർ പൊലീസ്​ സ്​റ്റേഷനിലിരുന്ന്​ മാപ്പ്​ പറയുന്ന വിഡിയോ ഹിന്ദു ഐക്യവേദി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്​തു. തിരുവോണദിനത്തിൽ​ കോട്ടയം നെടുംകുന്നം സെൻറ്​ തേരേസാസ്‌ ​ ഗേൾസ്​ ഹൈസ്​കൂളിലെ പ്രധാനാധ്യാപിക സിസ്​റ്റർ റീത്താമ്മ സി. മാത്യൂസ്​ നൽകിയ ഓണസന്ദേശമാണ്​ വിവാദമായത്​.

”ചവി​ട്ടേൽക്കുന്നവവന്റെ സുവിശേഷമാണ്​ ഓണം. ദാനം കൊടുത്തവനെ, ദാനം കൈനീട്ടി വാങ്ങിയവൻ ചവിട്ടി താഴ്ത്തുന്നതിന്റെ കാലാതീത കഥ. കൊടുക്കുന്നവന്​ ചവി​ട്ടേൽക്കുമ്പോള്‍, ചവിട്ടുന്നവൻ വാമനനാകുന്നു”​ എന്നു തുടങ്ങുന്ന വിഡിയോ സന്ദേശത്തിൽ ഉദാഹരണമായി യേശുവിനെയും ഗാന്ധിജിയെയും എബ്രഹാം ലിങ്കണെയും മദർതെരേസയെയും പരാമർശിക്കുന്നുണ്ട്.

സന്ദേശത്തിൽ വാമനനെക്കുറിച്ച്​ പറഞ്ഞതാണ്​ ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്​. തുടർന്ന്​, മതസ്​പർധ വളർത്തുന്ന രീതിയിൽ പ്രസ്​താവന നടത്തിയെന്നും ഹിന്ദുദൈവങ്ങളെ ബോധപൂർവം അവഹേളിച്ചു എന്നും കാണിച്ച്​ ഹിന്ദു ഐക്യവേദി ചങ്ങനാശ്ശേരി താലൂക്ക്​ പ്രസിഡൻറ്​ വി.കെ. അജിത്​ കറുകച്ചാൽ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. സ്​കൂളിന്​ മുന്നിലേക്ക്​ പ്രവർത്തകർ മാർച്ചും​ നടത്തി. ഇ​തോടെയാണ്​ സിസ്​റ്റർ സ്​റ്റേഷനിലെത്തി മാപ്പ്​ പറയുകയും എഴുതിക്കൊടുക്കുകയും ചെയ്​തത്​.

ചന്ദ്രിക വെബ് ഡെസ്‌ക്‌: