X

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ (55)അന്തരിച്ചു. പ്രോസ്റ്റേറ്റ് കാൻസറിനെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് 3.45 ഓടെയായിരുന്നു അന്ത്യം.

ആഓഗെ ജബ് തും, ആജ് കോയി ജോഗീ ആവേ, ഇഷ്ക് കാ രംഗ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗാനങ്ങളാണ്. വിദേശരാജ്യങ്ങളിലടക്കം നിരവധി മേളകളിൽ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹത്തെ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

റഷീദ് ഖാന്റെ മരണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനം രേഖപ്പെടുത്തു. റഷീദ് ഖാന്റെ വിയോഗം സംഗീത ലോകത്തിനും രാജ്യത്തിനും വലിയ നഷ്ടമാണെന്ന് മമതാ ബാനർജി അനുശോചിച്ചു. അദ്ദേഹം ഇനിയില്ലെന്ന കാര്യം വിശ്വസിക്കാൻ തനിക്ക് ആകുന്നില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കുറിച്ചു.

ബുധനാഴ്ച്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രബീന്ദ്ര സദനിൽ എത്തിക്കും. ഇവിടെ പൊതുദർശനം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്നും മമതാ ബാനർജി അറിയിച്ചു.

webdesk14: