X
    Categories: keralaNews

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നാളെ പൊതു അവധി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 4) പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

അതേസമയം ബുറെവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ ബുറെവി ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാമനാഥപുരത്തിന് സമീപമായി 9.2° N അക്ഷാംശത്തിലും 79.1 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറില്‍ നിന്ന് 20 കിമീ ദൂരത്തിലും, കന്യാകുമാരിയില്‍ നിന്ന് ഏകദേശം 210 കിമീ ദൂരത്തിലുമാണ്.

നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 55 മുതല്‍ 65 കിമീ വരെയും ചില അവസരങ്ങളില്‍ 75 കിമീ വരെയുമാണ്. അതിതീവ്ര ന്യൂനമര്‍ദം ഇന്ന് രാത്രിയോടു കൂടി രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്കു പ്രവേശിക്കും. കരയിലേക്കു പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 50 മുതല്‍ 60 കിമീ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: