X
    Categories: MoreViews

അശരണര്‍ക്ക് തണലേകാന്‍; എളയാവൂര്‍ സി.എച്ച് സെന്ററിന്റെ ‘ഹോപ്പ് വാലി’ പദ്ധതി

കണ്ണൂര്‍: സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവരേയും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് അടിമകളായവര്‍ക്കും സാന്ത്വനത്തിന്റെ തണലേകുന്ന എളയാവൂര്‍ സി.എച്ച് സെന്ററിന്റെ ‘ഹോപ്പ് വാലി’എന്ന പുതിയ പദ്ധതി. 50 സെന്റ് സ്ഥലത്ത് പത്തായിരം ചതുരശ്ര അടിയില്‍ വിവിധ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തില്‍ പ്രധാനമായും ക്യാന്‍സര്‍ പാലിയേറ്റീവിന് പ്രത്യേക സൗകര്യം ഒരുക്കും. പതിനാല് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആസ്പത്രിയും ഹേംകെയര്‍ പാലിയേറ്റീവും നടത്തുന്നുണ്ട്.

വാടക കെട്ടിടത്തില്‍ മുപ്പതോളം നിര്‍ധന രോഗികളെ ഏറ്റെടുത്ത് സൗജന്യ ഭക്ഷണവും ഡോക്ടറുടെ പരിചരണവും നല്‍കുന്ന പാലിയേറ്റീവ് ഇന്‍ സാന്ത്വന പരിപാലന കേന്ദ്രവുമുണ്ട്. ഹോപ്പ് വാലിപദ്ധതി വരുന്നതോടെ അവരെ അവിടത്തേക്ക് മാറ്റാനും ഒപ്പം 200 ഓളം പേരെ ഏറ്റെടുക്കാനുമാവും. പാലിയേറ്റീവ് പ്രവര്‍ത്തന രംഗത്ത് കേരളത്തില്‍ സി.എച്ച്.സെന്ററിന്റെ കീഴില്‍ നടത്തുന്ന വലിയ പദ്ധതിയാവാനും മറ്റുള്ളവര്‍ക്ക് മാതൃകയാവാനും പോവുകയാണ് ഹോപ്പ് വാലി. പദ്ധതിയുടെ പ്രഖ്യാപനം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എഗ്രിമെന്റ് കൈമാറി നിര്‍വ്വഹിച്ചു.

സ്ഥലത്തിന്റെ അഡ്വാന്‍സ് ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരി കൈമാറി. റസാഖ് അല്‍ വസല്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, ജമാല്‍ വട്ടപ്പൊയില്‍, ഡി.വി മുഹമ്മദ്കുട്ടി ഹാജി, സി.എച്ച് മുഹമ്മദ് അഷ്‌റഫ്, കെ.എം ഷംസുദ്ദീന്‍, അബ്ദുല്‍ സലാം വാരംകടവ്, ടി.പി അബ്ദുല്‍ ഖാദര്‍, എം.പി നൂറുദ്ദീന്‍ സംസാരിച്ചു. പദ്ധതിയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കാന്‍ പൗരപ്രമുഖരെ പങ്കെടുപ്പിച്ച് 23ന് കണ്ണൂരിലും അടുത്തമാസം ഗള്‍ഫ് രാജ്യങ്ങളിലും യോഗങ്ങളും പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം പാണക്കാടും നടക്കും.

chandrika: