X

തീരദേശ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും

ഈ മാസം 27 നടത്തുന്ന തീരദേശ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ഹൈബി ഈഡന്‍ എം. പിയും ടി.എന്‍ പ്രതാപന്‍ എം. പിയും അഭ്യര്‍ത്ഥിച്ചു. മത്സ്യ മേഖല സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ സംയുക്ത യോഗം കൊച്ചിയില്‍ ചേര്‍ന്നു. ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ച യോഗം ഹൈബി ഈഡന്‍ എം. പി ഉദ്ഘാടനം ചെയ്തു.

അറബിക്കടല്‍ വില്പനയുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കരാറുകള്‍ നല്‍കിയതിനെ കുറിച്ചും കരാറില്‍ ഏര്‍പ്പെട്ട രീതിയെ കുറിച്ചുമെല്ലാം വിശദമായ അന്വേഷണം നടത്തണം.

പള്ളിപ്പുറത്ത് ഇ എം സി സിക്ക് ഫുഡ് പ്രോസാസിംഗ് പാര്‍ക്കിനായി കെ എസ് ഐ ഡി സി, 4 ഏക്കര്‍ ഭൂമി നല്‍കിയ ഇടപാട് റദ്ദാക്കി അത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. രണ്ട് കരാറുകളില്‍ നിന്നും ഗവണ്മെന്റ് പിന്മാറി എന്നത് ദൃശ്യമാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണ്. ഇത് സംബന്ധിച്ച് സുതാര്യമായ വിജ്ഞാപനം പുറപ്പെടുവിക്കണം. ഇനിയും വൈകിയാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ വിജ്ഞാപനം ഇറക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ടാകും.

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് മത്സ്യ തൊഴിലാളികളെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കി സബ്സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കണം. കടലില്‍ പോകുന്ന തൊഴിലാളികള്‍ ഇന്ധന വിലയില്‍ റോഡ് സെസ് കൂടി കൊടുക്കേണ്ട അവസ്ഥയാണ് ഇതിന് പരിഹാരം കാണണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കൊണ്ട് നടത്തുന്ന ഹര്‍ത്താല്‍ വിജയമാക്കുന്നതിന് എല്ലാ തീരദേശ വാസികളുടെയും പിന്തുണ എംപിമാര്‍ അഭ്യര്‍ത്ഥിച്ചു. സംരക്ഷണ സമിതിയുടെ സെക്രട്ടറി ചാള്‍സ് ജോര്‍ജ്, ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് എ. എം നൗഷാദ്, വിവിധ മത്സ്യ തൊഴിലാളി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

web desk 1: