X
    Categories: indiaNews

‘ആരും തയ്യാറായില്ല’, 80 കാരന്റെ മൃതദേഹം തോളിലേറ്റി വനിതാ എസ്‌ഐ; അഭിനന്ദന പ്രവാഹം

ഹൈദരാബാദ്: ആന്ധ്രയില്‍ ഭവനരഹിതനായ 80കാരന്റെ മൃതദേഹം തോളിലേറ്റിയ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്ക് അഭിനന്ദനപ്രവാഹം. ഒരു കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ സ്‌ട്രെച്ചറുമായി നടന്നത്. ആരും മൃതദേഹം പിടിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് എസ്‌ഐ കോട്ടുരു സിരിഷ മുന്നിട്ടിറങ്ങിയത്.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. അജ്ഞാതന്‍ മരിച്ചു കിടക്കുന്നു എന്ന വിവരം അറിഞ്ഞാണ് കാസിബുഗ്ഗ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ കോട്ടുരു സിരിഷ കോണ്‍സ്റ്റബിള്‍മാരെയും കൂട്ടി സ്ഥലത്തെത്തിയത്. സ്വന്തമായി വീടില്ലാത്ത 80കാരന്‍ ഭിക്ഷക്കാരനാണ് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കൃഷിയിടത്തില്‍ നിന്ന് വാഹനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ റോഡ് സൗകര്യം ഇല്ല. മൃതദേഹം കൊണ്ടുപോകാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഗ്രാമവാസികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് സിരിഷയുടെ നേതൃത്വത്തില്‍ സ്‌ട്രെച്ചറില്‍ മൃതദേഹം വാഹനത്തിലേക്ക് കൊണ്ടുപോയത്.

25 മിനിറ്റിനുള്ളില്‍ മൃതദേഹം പൊലീസ് വാഹനത്തില്‍ കയറ്റി. വിശാഖപട്ടണം സ്വദേശിനിയായ സിരിഷയ്ക്ക് ഫാര്‍മസിയിലാണ് ബിരുദം. അച്ഛന്റെ ആഗ്രഹപ്രകാരമാണ് പൊലീസ് സേനയില്‍ ചേര്‍ന്നതെന്ന് സിരിഷ പറയുന്നു.

web desk 3: