X
    Categories: indiaNews

നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആര്‍ക്കു വേണം? മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര്

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയും തമ്മില്‍ തുറന്ന പോര്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ വാക് പോര് നടക്കുന്നത്. ക്ഷേത്രങ്ങള്‍ തുറക്കാതെ ബാറുകളും റസ്റ്ററന്‍ഡുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയതാണ് ഉദ്ധവിനെ ചൊടിപ്പിച്ചത്.

‘എന്റെ ഹിന്ദുത്വത്തെ കുറിച്ച് നിങ്ങള്‍ കത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. എന്റെ തത്വശാസ്ത്രത്തിലും ഹിന്ദുത്വയിലും നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. മറ്റാരില്‍ നിന്നും ഹിന്ദുത്വം പഠിക്കേണ്ട ആവശ്യം എനിക്കില്ല. മുംബൈയെ പാക് അധീന കശ്മീര്‍ എന്നു വിളിച്ച് അപമാനിച്ച ആരെയെങ്കിലും നിങ്ങള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയെങ്കില്‍, ആ ഹിന്ദുത്വമല്ല ഞാന്‍ പിന്തുടരുന്നത്. നിങ്ങള്‍ വെറുത്തിരുന്ന മതേതരം എന്ന വാക്കിലേക്ക് നിങ്ങള്‍ ഇത്ര പെട്ടെന്ന് തിരിഞ്ഞോ?’ – ഉദ്ധവ് ചോദിച്ചു.

കോവഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രങ്ങള്‍ തുറക്കാത്തത് എന്തു കൊണ്ടാണ് എന്നാണ് ഗവര്‍ണര്‍ ചോദിച്ചിരുന്നത്. ഇത്ര പെട്ടെന്ന് താങ്കല്‍ ‘മതേതരന്‍’ ആയിപ്പോയോ എന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ കോഷ്യാരി ചോദിച്ചിരുന്നു.

അതിനിടെ, ക്ഷേത്രങ്ങള്‍ തുറക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി സമരം ആരംഭിച്ചു. മദ്യക്കടകള്‍ തുറന്നിരിക്കുന്നു. വീട്ടിലേക്കുള്ള വിതരണവുമുണ്ട്. എന്നാല്‍ മനശ്ശാന്തിക്കായി അമ്പലം സന്ദര്‍ശിക്കുന്നവരെ കുറിച്ച് ആര് ചിന്തിക്കാനാണ്. ക്ഷേത്രങ്ങളെ ആശ്രയിച്ച് കഴിയുന്ന ഇടത്തരം കച്ചവടക്കാരെ കുറിച്ച് സര്‍ക്കാര്‍ ഓര്‍ക്കണം. സര്‍ക്കാറിന് ഈഗോയാണ്- ബിജെപി നേതാവ് പ്രവീണ്‍ ദരേകര്‍ ആരോപിച്ചു.

Test User: