X

ഇസ്രാഈലിന്റെ ബാങ്ക് വിളി നിരോധന ബില്‍: അന്താരാഷ്ട്ര നിയമത്തിന് എതിരെന്ന് ഒ.ഐ.സി

തെല്‍അവീവ്: മുസ്്‌ലിം ആരാധനാലയങ്ങളില്‍ ഉച്ചഭാഷണികളിലൂടെ ബാങ്ക് വിളിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇസ്രാഈല്‍ മന്ത്രിതല സമിതിയുടെ അംഗീകാരം ലഭിച്ച ‘മുഅദിന് ബില്‍’ ചില ജൂത സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായിട്ടില്ല. ശബ്ദമലിനീകരണം തടയാനെന്ന പേരില്‍ കൊണ്ടുവരുന്ന ബില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോപ്പറേഷന്‍(ഒ.ഐ.സി) കുറ്റപ്പെടുത്തി. ആരാധനാ സ്വാതന്ത്ര്യത്തിനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതക്കും എതിരെയുള്ള കടന്നാക്രമണമാണിത്. മുസ്്‌ലിം വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നും ഒ.ഐ.സി പറഞ്ഞു.

അധിനിവിഷ്ട ജറൂസലമിലെ ജൂതവത്കരണത്തിന് ഉത്തേജനം പകരാനും മുസ്്‌ലിം പള്ളികളെ നിശബ്ദമാക്കാനുമാണ് ബില്ലിലൂടെ ഇസ്രാഈല്‍ ലക്ഷ്യംവെക്കുന്നതെന്ന് ഫലസ്തീന്‍ നേതാക്കള്‍ ആരോപിച്ചു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കം ഇസ്രാഈലിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മുഴുവന്‍ പിന്തുണയുള്ള ബില്‍ പാസാക്കിയെടുക്കാന്‍ കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ്ബാങ്കിലെയും ജൂത കുടിയേറ്റക്കാരില്‍നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ട്. ഇസ്രാഈലിലും അധിനിവിഷ്ട ഫലസ്തീനിലും മസ്ജിദുകള്‍ക്കുനേരെ ജൂത തീവ്രവാദികള്‍ ആക്രമണം നടത്തുക പതിവാണ്. പള്ളിയിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും ചുമരില്‍ അസഭ്യങ്ങള്‍ എഴുതിവെച്ചും തീവെച്ചും നിരവധി ആക്രമണങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഅദിന് ബില്ലില്‍ പള്ളികള്‍ എന്നതിനുപകരം ആരാധനാലയങ്ങള്‍ എന്ന് ഉപയോഗിച്ചതിനോടാണ് ജൂത സംഘടനകള്‍ക്ക് എതിര്‍പ്പുള്ളത്. ആരാധനാലയങ്ങള്‍ എന്ന് പറയുമ്പോള്‍ സിനഗോഗുകളും അതില്‍ പെടുമെന്നതുകൊണ്ട് പ്രയോഗങ്ങള്‍ തിരുത്തി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ഇസ്രാഈല്‍ തീരുമാനം.

chandrika: