X

ബി.ജെ.പി നേതാക്കളുടെ സ്ഥലം ഇടപാടില്‍ വെട്ടിപ്പെന്ന് ആരോപണം

കോഴിക്കോട്: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനം ദുരിതത്തിലായപ്പോള്‍ കള്ളപ്പണത്തിനെതിരെയും നികുതി വെട്ടിപ്പിനെതിരെയും വാചക കസര്‍ത്ത് നടത്തുന്ന ബി.ജെ.പി നേതാക്കളുടെ തനി നിറം വ്യക്തമാക്കി ഓണ്‍ലൈന്‍ മാധ്യമം. സംസ്ഥാനത്തെ ബി.ജെ.പിയുടെ സമുന്നത നേതാക്കളുടെ സ്ഥലം ഇടപാടിലെ സാമ്പത്തിക കൃത്രിമത്വം തുറന്നു കാണിച്ച് ‘നാരദ ന്യൂസ്’ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരില്‍ കോഴിക്കോട് ഉള്ള്യേരിയിലുള്ള ഒമ്പതു സെന്റ് സ്ഥലത്തിന് വെറും നാല് ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. കോഴിക്കോട് അത്തോളിയിലുള്ള 24 സെന്റ് സ്ഥലത്തിനാവട്ടെ അഞ്ചു ലക്ഷം രൂപയും. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേഷിന്റെ വടകരയിലുള്ള 18 സെന്റ് കൃഷിയിടത്തിനു വില വെറും 2.60 ലക്ഷം രൂപ മാത്രം. പ്രഥമ ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാലിന്റെ പാലക്കാടുള്ള ഒരേക്കര്‍ സ്ഥലത്തിനുള്ള വില കേട്ടാല്‍ ഞെട്ടും. വെറും നാലു ലക്ഷം രൂപ മാത്രം. ദേശീയ കൗണ്‍സില്‍ അംഗം ശോഭാ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം വരുന്ന സ്ഥലത്തിനാവട്ടെ അതിലും താഴെയാണ് വില. വെറും 1.80 ലക്ഷം രൂപ. അവരുടെ ഭര്‍ത്താവും ബി.ജെ.പി നേതാവുമായ സുരേന്ദ്രന്റെ പേരിലുള്ള രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിനു 2.24000 രൂപയേ വിലയൊള്ളൂ.

മുന്‍ സംസ്ഥാന പ്രസിഡന്റ് പി ശ്രീധരന്‍ പിള്ളയുടെ ഭാര്യക്ക് കോഴിക്കോട് ഒരേക്കറില്‍ അധികമുള്ള സ്ഥലത്തിന് 55 ലക്ഷം രൂപ മാത്രം. ഒരു സെന്റിനല്ല, ഒരേക്ക്രയിലേറെ വരുന്ന സ്ഥാലത്തിനാണിത്. കോഴിക്കോട് നഗരത്തിലുള്ള ഇവരുടെ 25 സെന്റ് പുരയിടത്തിനു മൊത്തം 40 ലക്ഷം മാത്രവും. വി.ബി മുരളീധരന്റെ വാണിജ്യ ആവശ്യത്തിനുള്ള 1500 ചതുരശ്ര അടി കെട്ടിടത്തിന് മൂന്നുലക്ഷം രൂപ മാത്രമെന്നാണ് രേഖകള്‍ പറയുന്നത്.

എറണാകുളത്തെ ബിജെപി നേതാവ് ഒ.സി അശോകന്റെ കുന്നത്തുനാട്ടിലെ സ്ഥലത്തിനു 11 ഏക്കര്‍ സ്ഥലത്തിനു വെറും 53000 രൂപ. ബി.ജെ.പി നേതാക്കളുടെ ഭൂമിയുടെ മതിപ്പ് വില കൃത്യമായി കണക്കാക്കിയാല്‍ നികുതി വെട്ടിപ്പ് നടത്തിയത് ലക്ഷങ്ങളാണെന്ന് ബോധ്യപ്പെടും. സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപത്തെ കള്ളപ്പണമെന്ന് ആരോപിക്കുന്ന നേതാക്കളുടെ ഇടപാടുകളിലെ കൃത്യതയില്ലായ്മ അവരുടെ ഇരട്ടത്താപ്പാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

chandrika: