X
    Categories: MoreViews

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു; വയനാട്ടില്‍ മഴ ശക്തമായി തുടരുന്നു

ഇടുക്കി: പ്രളയക്കെടുതി നാശം വിതച്ച ഇടുക്കി ജില്ലക്ക് ആശ്വാസമേകി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2400 അടിക്കു താഴെയെത്തി. നിലവില്‍ 2399.20 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല. ചൊവ്വാഴ്ച വരെ ഡാമി്‌ന്റെ ഷട്ടറുകള്‍ താഴ്ത്തിയേക്കില്ലെന്നാണ് വിവരം. തുറന്ന അഞ്ചു ഷട്ടറുകള്‍ വഴി 7,50,000 ലിറ്റര്‍ വെള്ളം പുറത്തേക്കു വിടുന്നുണ്ട്. 1,15,000 ലിറ്റര്‍ വെള്ളം വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിക്കുന്നു. നീരൊഴുക്ക് 1,20,000 ലിറ്റര്‍ എത്തുന്നതു വരെ ഷട്ടറുകള്‍ താഴ്‌ത്തേണ്ടെന്നാണ് തീരുമാനം. മഴയുടെ തോത് കുറഞ്ഞാല്‍ നാലോ അഞ്ചോ ദിവസത്തിനകം പൂര്‍വ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ.
പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് സംസ്ഥാനത്തെത്തും. ഹെലികോപ്റ്ററില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കുന്ന കേന്ദ്രമന്ത്രി, മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരുമായി വൈകിട്ട് ചര്‍ച്ച നടത്തും. അതേസമയം, വെള്ളപ്പൊക്ക ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ ഓണം വാരാഘോഷ പരിപാടികള്‍ വേണമോ എന്നതു സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. കാലവര്‍ഷത്തെക്കെടുതിയെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടി ഉപേക്ഷിച്ചു. കലാപരിപാടികള്‍ക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് നഗരസഭയുടെ തീരുമാനം.
ഇടമലയാര്‍ അണക്കെട്ടിലും നേരിയ തോതില്‍ ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 168.93 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇന്നലെ വൈകീട്ട് 168.98 മീറ്ററായിരുന്നു ജലനിരപ്പ്.
അതേസമയം, വയനാട് ജില്ലയില്‍ മഴ വീണ്ടും ശക്തമായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ 13946 പേരാണുള്ളത്. കബനിയും കൈവഴിയായ കപില നദിയും കരകവിഞ്ഞൊഴുകുകയാണ്. ബീച്ചനഹള്ളി ഡാമിന്റെ ഷട്ടര്‍ ഇതുവരെ താഴ്ത്തിയിട്ടില്ല. തെക്കന്‍ കര്‍ണാടകയില്‍ പലയിടത്തും മഴ ശക്തമായി തുടരുന്നതും ദുരിതം രൂക്ഷമാക്കി. കബനീ തീരത്ത് ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചു. ഇവിടെ രണ്ടു പാലം തകര്‍ന്നിട്ടുണ്ട്.
മൈസൂര്‍, വയനാട് പാതയില്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും. വെള്ളക്കെട്ട് തുടരുന്നതിനാല്‍ വാഹനങ്ങള്‍ നഞ്ചന്‍ഗോഡിനു അടുത്ത് സമാന്തര പാതയിലൂടെ തിരിച്ചുവിടുകയാണ് ഇപ്പോഴും.

chandrika: