X
    Categories: Newsworld

ട്രംപ് നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും വോട്ടര്‍മാര്‍ കൈയൊഴിഞ്ഞില്ല; യുഎസില്‍ ചരിത്രമെഴുതി വീണ്ടും ഇല്‍ഹാന്‍ ഉമര്‍

വാഷിങ്ടണ്‍: മിനസോട്ടയിലെ ഫിഫ്ത്ത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രികില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഇല്‍ഹാന്‍ ഉമര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇവര്‍ ഇവിടെ നിന്ന് യുഎസ് കോണ്‍ഗ്രസിലെത്തുന്നത്. റിപ്പബ്ലിക്ക് പാര്‍ട്ടിക്കു വേണ്ടി മത്സരരംഗത്തുണ്ടായിരുന്ന ഐടി എഞ്ചിനീയര്‍ ലാസി ജോണ്‍സനെയാണ് ഉമര്‍ പരാജയപ്പെടുത്തിയത്.

ഉമറിനെതിരെയുള്ള പോരാട്ടത്തില്‍ ഒമ്പത് ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ച് ലാസി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഉമറിന് 64.6 ശതമാനം വോട്ടാണ് കിട്ടിയത്. ‘ജനകേന്ദ്രീകൃതമായ ഞങ്ങളുടെ അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് ഫല’മെന്ന് അവര്‍ പ്രതികരിച്ചു.

2018ലാണ് ആദ്യമായി ഉമര്‍ യുഎസ് കോണ്‍ഗ്രസിലെത്തിയത്. കോണ്‍ഗ്രസിലെത്തിയ ആദ്യ രണ്ട് മുസ്‌ലിം വനിതകളില്‍ ഒരാളായിരുന്നു ഇവര്‍. നിരവധി വേളകളില്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇവര്‍ കൊമ്പുകോര്‍ത്തത് വാര്‍ത്തയായിരുന്നു.

പ്രചാരണത്തിനിടെയും ട്രംപ് ഉമറിനെതിരെ സംസാരിച്ചിരുന്നു. ‘അവര്‍ ഈ രാജ്യത്തെ വെറുക്കുന്നു. ഒരു സര്‍ക്കാര്‍ പോലുമില്ലാത്ത സ്ഥലത്തു നിന്നാണ് അവര്‍ വരുന്നത്. എന്നിട്ട് ഈ രാജ്യം എങ്ങനെ നടക്കണം എന്ന് നമ്മോട് പറയുന്നു’- ട്രംപ് പറഞ്ഞു. ഉമര്‍ യുഎസിനെ സ്‌നേഹിക്കുന്നില്ലെന്നും സോമാലിയ അടക്കമുള്ള രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താന്‍ നിയന്ത്രണം കൊണ്ടു വന്നെന്നും ട്രംപ് പറഞ്ഞിരുന്നു.

സോമാലിയയാണ് ഉമറിന്റെ സ്വദേശം. നാലു വര്‍ഷം കെനിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ ശേഷം പന്ത്രണ്ടാം വയസ്സിലാണ് ഇവര്‍ യുഎസിലേക്ക് ചേക്കേറിയത്. അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ട്രംപിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശക കൂടിയാണ് ഇവര്‍.

Test User: