X

നിയമവിരുദ്ധമായി മസ്ജിദും മദ്രസയും പൊളിച്ചു; ഉത്തരാഖണ്ഡിലെ സംഘര്‍ഷത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് മജിസ്ട്രേറ്റ്

ഹല്‍ദ്വാനിയില്‍ നിയമവിരുദ്ധമായി മദ്രസ തകര്‍ത്തതിനെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് മജിസ്‌ട്രേറ്റ്. മദ്രസാ കെട്ടിടം നിര്‍മിച്ച അബ്ദുള്‍ മാലിക്കിനായി നിലവില്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമൂഹ മാധ്യമങ്ങള്‍ മുഖേന നിയമവിരുദ്ധമായി മദ്രസ തകര്‍ത്തതിനെ കുറിച്ച് പ്രചരണങ്ങള്‍ നടത്താതിരിക്കാന്‍ സര്‍ക്കാര്‍ നഗരത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നഗരങ്ങളില്‍ മുഴുവന്‍ സമയവും പൊലീസ് പെട്രോളിങ് നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഹല്‍ദ്വാനിയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും ആള്‍ക്കൂട്ട പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ ബന്‍ഭൂല്‍പുരയില്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ ഉണ്ട്.അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതുവരെ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രഹ്ലാദ് മീണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അനധികൃതമെന്ന് ആരോപിച്ച് മസ്ജിദും മദ്രസയും പൊളിച്ചുമാറ്റാനുള്ള നീക്കത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിനെതിരെ പൊലീസ് വെടിയുതിര്‍ക്കുകയും 6 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. സംഭവ സ്ഥലത്ത് ഷൂട്ട് അറ്റ് സൈറ്റ് ഉള്‍പ്പെടെയുള്ള ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. ഇത് വര്‍ഗീയകലാപമല്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിങ് പറഞ്ഞത്. ഇത് സാമൂഹിക വിരുദ്ധര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകോപനകരമായ പ്രവൃത്തിയാണെന്നും വന്ദന പറഞ്ഞു.

എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതെന്ന് പ്രാദേശിക മത നേതാവ് ആരോപിച്ചു. കയ്യേറ്റ വിരുദ്ധ നോട്ടീസിനെതിരെ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ മസ്ജിദും മദ്രസയും പൊളിക്കാന്‍ പാടില്ലായിരുന്നു എന്നാണ് ഇവരുടെ വാദം.

 

webdesk13: