X
    Categories: MoreViews

ഇംപീച്ച്‌മെന്റ്: ഭരണഘടനാ ബെഞ്ചിന് വിട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് പിന്‍വലിച്ചത്. ഒരു ബെഞ്ച് കേസ് പരിഗണിച്ചതിന് ശേഷമാണ് അത് ഭരണഘടനാ ബെഞ്ചിന് വിടാറുള്ളത്. എന്നാല്‍ ഒരു ബെഞ്ചും പരിഗണിക്കാത്ത കേസ് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ബെഞ്ചിന് വിട്ടതെന്ന് വ്യക്തമാക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കബില്‍ സിബല്‍ ആവശ്യപ്പെട്ടു. അതിന് കോടതി തയ്യാറാവാത്തതിനെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

ഹര്‍ജി ജസ്റ്റിസ് ചെലമേശ്വറിന്റെ ശ്രദ്ധയില്‍ പെടുത്താനായിരുന്നു കോണ്‍ഗ്രസ് നീക്കം. ഇത് തടയാനാണ് തിരക്കിട്ട നീക്കത്തിലൂടെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകരായ കബില്‍ സിബലും പ്രശാന്ത് ഭൂഷണും ഹര്‍ജി ചെലമേശ്വറിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നാളെ വരൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഗുരുതരമായ ഭരണഘടനാ പ്രശ്‌നമായിട്ട് പോലും യാതൊരു ചര്‍ച്ചയുമില്ലാതെ ഹര്‍ജി തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ രാജ്യസഭാ എം.പിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹര്‍ഷദ് റായ് യജ്‌നിക് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്ന് പറഞ്ഞാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയത്.

മെഡിക്കല്‍ കോഴക്കേസില്‍ ചീഫ് ജസ്റ്റിസിന്റെ പേര് പരാമര്‍ശിക്കുന്നതടക്കം അഞ്ച് പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നത്. തനിക്കെതിരെ തന്നെയുള്ള കേസ് പരിഗണിച്ച് വിധി പറഞ്ഞതിലൂടെ അധികാരദുര്‍വിനിയോഗം, മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ അധികാരത്തിന്റെ ദുര്‍വിനിയോഗം, ഭൂമി വാങ്ങാനായി തെറ്റായി സത്യവാങ്മൂലം നല്‍കല്‍, ചീഫ് ജസ്റ്റിസിനെതിരേയുള്ള ഹര്‍ജി സ്വയം കേള്‍ക്കുന്നതിനായി മെമ്മോ തിയ്യതി തിരുത്തല്‍ തുടങ്ങിയ ആരോപണങ്ങളും ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്നിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: