X

പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

ഇസ്്‌ലാമാബാദ്: പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ഖാന്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് മഹ്്മൂന്‍ ഹുസൈന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പാകിസ്താന് അകത്തം പുറത്തുമുള്ള നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞക്ക് സാക്ഷ്യംവഹിച്ചു.

ഇടക്കാല പ്രധാനമന്ത്രി നസീറുല്‍ മുല്‍ക്, ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസര്‍, കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്‌വ, വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ ഖാന്‍, നാവികസേനാ മേധാവി സഫര്‍ മഹ്മൂദ് അബ്ബാസി, 1992ല്‍ ഇമ്രാന്‍ ഖാന്‍ ക്യാപ്റ്റനായിരിക്കെ പാകിസ്താന് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ടീം അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ധുവും എത്തിയിരുന്നു.

ജനങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തില്ലെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഉറപ്പുനല്‍കി. അഴിമതിക്കാരെ പിടിച്ചുകെട്ടും. ഏതെങ്കിലും സ്വേച്ഛാധിപതിയുടെ തോളില്‍ ചിവിട്ടിയല്ല ഞാന്‍ ഇവിടെ എത്തിയത്. 22 വര്‍ഷത്തോളം പൊരുതി തന്നെയാണ് ഈ സ്ഥാനത്ത് എത്തിയത്-ഇമ്രാന്‍ഖാന്‍ പറഞ്ഞു.

ജൂലൈ 25ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പിടിഐ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ) മേധാവിയായ ഇമ്രാന്‍ഖാനെ ദേശീയ അസംബ്ലി അംഗങ്ങള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. ക്രിക്കറ്റ് ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ഇരുപത് വര്‍ഷത്തോളം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോട് പോരുതിയാണ് പാകിസ്താന്റെ ഭരണതലപ്പത്ത് എത്തിയത്. പ്രസിഡന്റ് മന്‍മൂന്‍ ഹുസൈനില്‍നിന്ന് സത്യവാചകം ഏറ്റുചൊല്ലുമ്പോള്‍ ഇമ്രാന്‍ഖാന്റെ കണ്ണുകള്‍ ഒരുവേള ആര്‍ദ്രമായി.

chandrika: