X

ഗുജറാത്തില്‍ 2.9 ലക്ഷത്തിന്റെ കൈക്കൂലി പിടികൂടി, എല്ലാം 2000 നോട്ടുകള്‍

അഹമ്മദാബാദ്: ‘ചില്ലറ’ പ്രതിസന്ധിയില്‍ ജനം നട്ടം തിരിയുമ്പോള്‍ 2.9 ലക്ഷം കൈക്കൂലി വാങ്ങിയ രണ്ട് പേര്‍ അറസ്റ്റില്‍. അതും 2000 രൂപയുടെ നോട്ടുകള്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് പോര്‍ട്ട് ഉദ്യോഗസ്ഥരായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടില്‍ നിന്ന് 40,000 രൂപയും പിടിച്ചെടുത്തു. സ്വകാര്യ ഇലക്ട്രിക്കല്‍ കമ്പനിയുടെ ബാക്കിവരുന്ന ബില്ലുകള്‍ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പോര്‍ട്ട് ഉദ്യോഗസ്ഥരായ സൂപ്രണ്ട് എഞ്ചിനിയര്‍ പി.ശ്രീനിവാസു, സബ് ഡിവിഷണല്‍ ഓഫീസര്‍ കെ. കോണ്ടേക്കര്‍ എന്നിവര്‍ കൈക്കൂലി വാങ്ങിയത്.

ഇടനിലക്കാര്‍ മുഖേനയാണ് ഇവര്‍ പണം കൈപറ്റിയതെന്ന് ഗുജറാത്ത് അഴിമതി വരുദ്ധ യൂണിറ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടനിലക്കാരനെ പിടികൂടിയതോടെയാണ് അഴിമതിക്കഥ പുറത്തായത്. പിടികൂടിയവര്‍ കുറ്റം സമ്മതിച്ചതായി ഉദ്യോദസ്ഥര്‍ വ്യക്തമാക്കി.

ഈ മാസം 11നാണ് 2000ത്തിന്റെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തത്. മുന്തിയ നോട്ടുകളെ പിന്‍വലിക്കുന്നതിന്റെ ഭാഗമായി വ്യക്തിക്ക് ഒരാഴ്ചയില്‍ 24,000 രൂപ വരെ എടുക്കാവൂവെന്ന പരിഷ്‌കരണം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നോട്ടുകളായി 2.5 ലക്ഷം കൈക്കൂലി പിടിക്കപ്പെടുന്നത്.

chandrika: