X

ഹല്‍ദ്വാനിയില്‍ മദ്രസയും പള്ളിയും പൊളിച്ചുനീക്കിയ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കും; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയില്‍ അനധികൃതമെന്ന് ആരോപിച്ച് പള്ളിയും മദ്രസയും പൊളിച്ചുനീക്കിയ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.

പള്ളിയും മദ്രസയും പൊളിച്ചുനീക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് വെടിവെക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രതിഷേധക്കാരെ കണ്ട ഉടന്‍ വെടിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പൊളിച്ചുനീക്കലിന്റെ ഭാഗമായി ബന്‍ഭൂല്‍പുരയിലെ ‘മാലിക് കാ ബഗീച്ച’ പ്രദേശത്തെ കയ്യേറ്റങ്ങളില്‍ നിന്ന് ഏക്കര്‍ കണക്കിന് ഭൂമി തിരിച്ചുപിടിച്ചുവെന്ന് ധാമി അവകാശപ്പെട്ടു.

‘ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയില്‍ അനധികൃത കയ്യേറ്റം നീക്കം ചെയ്തിടത്ത് ഇനിയൊരു പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കും. ദേവഭൂമിയുടെ സമാധാനം തകര്‍ക്കാന്‍ നോക്കുന്ന കലാപകാരികളില്‍ ഒരാളെയും വെറുതെ വിടില്ലെന്നുള്ള വ്യക്തമായ സന്ദേശമാണിത്. ഉത്തരാഖണ്ഡില്‍ അത്തരം അക്രമകാരികള്‍ക്ക് സ്ഥാനമില്ല,’ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ധാമി പറഞ്ഞു.

അക്രമത്തിന് പ്രേരിപ്പിച്ചതിന് പൊലീസ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് വര്‍ഗീയകലാപമല്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിങ് പറഞ്ഞത്. ഇത് സാമൂഹിക വിരുദ്ധര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകോപനകരമായ പ്രവൃത്തിയാണെന്നും വന്ദന പറഞ്ഞു.

എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതെന്ന് പ്രാദേശിക മത നേതാവ് ആരോപിച്ചു. കയ്യേറ്റ വിരുദ്ധ നോട്ടീസിനെതിരെ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ മസ്ജിദും മദ്രസയും പൊളിക്കാന്‍ പാടില്ലായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

 

 

webdesk13: