X
    Categories: indiaNews

ഹരിയാനയില്‍ എട്ട് മുന്‍ എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: മുതിര്‍ന്ന ദേശീയ നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനിടെ ഹരിയാനയില്‍ നിന്ന് കോണ്‍ഗ്രസിന് ആശ്വാസ വാര്‍ത്ത. എട്ട് മുന്‍ നിയമസഭാംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ പാര്‍ട്ടി വിട്ടവരാണ് തിരിച്ചെത്തിയത്.

ജൂണ്‍ 19ന് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെയും ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൗധരി ഉദയ്ഭാന്റെയും സാന്നിധ്യത്തിലാണ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാജ്യസഭാ എം.പി ദീപേന്ദര്‍ സിംഗ് ഹൂഡ ഉള്‍പ്പെടെ നിരവധി നേതാക്കളും എം.എല്‍.എമാരും മുന്‍ മന്ത്രിമാരും പങ്കെടുത്തു. ശാരദ റാത്തോഡ്, രാം നിവാസ് ഗോഡേല, നരേഷ് സെല്‍വാള്‍, പര്‍മീന്ദര്‍ സിംഗ് ദുല്‍, ജിലേ റാം ശര്‍മ്മ, രാകേഷ് കംബോജ്, രാജ്കുമാര്‍ വാല്‍മീകി, സുഭാഷ് ചൗധരി എന്നിവരാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

ലോക് തന്ത്ര സുരക്ഷാ പാര്‍ട്ടിയുടെ കിഷന്‍ലാല്‍ പഞ്ചലും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പാര്‍ട്ടിയില്‍ പൂര്‍ണമായ ബഹുമാനവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉണ്ടാകുമെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി.

web desk 3: