X

ടിന്റു, അനസ്, സുധ, ദ്യുതി സ്വര്‍ണ പ്രതീക്ഷകള്‍ പ്രതീക്ഷകളില്‍ ഇന്ത്യ

ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ നാളെ സ്വന്തം തട്ടകത്തിലിറങ്ങുന്നത്.46 വനിത അത്‌ലറ്റുകളടക്കം 95 താരങ്ങളെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വുഹാന്‍ ചാമ്പ്യന്‍ഷിപ്പില്‍ 47 അംഗ ടീമായിരുന്നു ഇന്ത്യയുടേത്. 2015 വുഹാന്‍ മീറ്റില്‍ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. നാലു സ്വര്‍ണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. ടീം നായകനും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്രയാണ്് ആതിഥേയരുടെ സുവര്‍ണ പ്രതീക്ഷകളില്‍ മുന്നിലുള്ളത്. നിലവില്‍ ലോക ജൂനിയര്‍ റെക്കാഡുകാരനായ നീരജ് 86.48 മീറ്റര്‍ റെക്കോഡ് ദൂരം ആവര്‍ത്തിക്കുമോയെന്ന് കാത്തിരുന്ന് കാണണം. വനിതകളില്‍ ദേശീയ റെക്കോഡുകാരി അന്നു റാണിയും മെഡല്‍ പ്രതീക്ഷയിലാണ്. ടിന്റു ലൂക്ക (800), മുഹമ്മദ് അനസ് (400), സുധ സിങ് (സ്റ്റീപ്ള്‍ ചേസ്), ദ്യുതി ചന്ദ്്്് (100), ശ്രാബനി നന്ദ (200), പുരുഷ-വനിത 4-400 മീറ്റര്‍ റിലേ ടീം എന്നിവരും ഇന്ത്യ ഉറപ്പായും മെഡല്‍ പ്രതീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്്. പുരുഷന്‍മാരില്‍ മുഹമ്മദ് അനസ്, അമോജ് ജേക്കബ് (400 മീ, 4-400 മീ.റിലേ), ജിന്‍സണ്‍ ജോണ്‍സണ്‍ (800), ഗോപി തോന്നക്കല്‍ (10000), ജാബിര്‍ എം.പി ( 400 മീ.ഹര്‍ഡില്‍സ്), കുഞ്ഞു മുഹമ്മദ്, സച്ചിന്‍ റോബി (4-400 റിലേ), അനുരൂപ് ജോണ്‍ (4-100 റിലേ), ജിസ്‌ന മാത്യു (400, 4-400 റിലേ), ടിന്റു ലുക്ക (800), നയന ജെയിംസ് (100 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ്ജമ്പ്), വി.നീന (ലോങ്ജമ്പ്), എന്‍.വി ഷീന (ട്രിപ്പിള്‍ ജമ്പ്), ലിക്‌സി ജോസഫ് (ഹെപ്റ്റാത്ത്‌ലണ്‍), പി.യു ചിത്ര (1500 മീ.), ആര്‍.അനു (400 മീ.ഹര്‍ഡില്‍സ്), മെര്‍ലിന്‍ ജോസഫ് (4-100 റിലേ) എന്നിവരാണ് ടീമിലെ മലയാളി സാനിധ്യം. 42 ഇനങ്ങളിലായി 45 രാജ്യങ്ങളില്‍ നിന്നുള്ള 650 താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ റെക്കോഡ് പങ്കാളിത്തമാണിത്. 2015ലെ വുഹാന്‍ മീറ്റില്‍ 497 താരങ്ങളാണ് പങ്കെടുത്തിരുന്നത്. ഇന്ത്യ ഇത് മൂന്നാം തവണയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയൊരുക്കുന്നത്.
1989ല്‍ ഡല്‍ഹിയിലും 2013ല്‍ പൂനെയിലുമായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്. കഴിഞ്ഞ തവണ ചൈനയിലെ വുഹാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 13 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. സ്വന്തം തട്ടകത്തില്‍ ഇരട്ടി മെഡലുകളാണ് ആതിഥേയരുടെ ലക്ഷ്യം. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് ആഗസ്തില്‍ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നേരിട്ട് യോഗ്യത നേടാം.

chandrika: