X

ശാസ്ത്രി വരുമെന്ന് സണ്ണി

 
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചാവാന്‍ മുന്‍ താരം രവിശാസ്ത്രിക്കാണ് കൂടുതല്‍ സാധ്യതയെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. പരിശീലക സ്ഥാനത്തേക്കായി ശാസ്ത്രി ബി.സി.സി.ഐക്ക് ഔദ്യോഗികമായി അപേക്ഷ നല്‍കിയ സ്ഥിതിക്ക് അദ്ദേഹത്തിന് തന്നെയാണ് മുന്‍ഗണനയെന്നും 2014 മുതലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചക്കു പിന്നില്‍ ടീമിന്റെ ഡയരക്ടര്‍ എന്ന നിലയില്‍ ശാസ്ത്രിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ ശേഷം ശാസ്ത്രിയോട് ടീമിന്റെ ഡയരക്ടറാവാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഇന്ത്യന്‍ ടീമിന്റെ ഫലത്തില്‍ കാര്യമായ മാറ്റം വരാന്‍ തുടങ്ങി. ഇപ്പോള്‍ അദ്ദേഹം പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിരിക്കുന്നു അതിനാല്‍ അദ്ദേഹത്തിന് തന്നെ അതിനുള്ള അവസരം ലഭിക്കും, ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു. 2014 ആഗസ്ത് മുതല്‍ 2016 ജൂണ്‍ വരെ ഇന്ത്യന്‍ ടീമിന്റെ ഡയരക്ടറായി സേവനമനുഷ്ടിച്ച ശാസ്ത്രി കോലിയടക്കമുള്ള ടീമംഗങ്ങളുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്.
ശാസ്ത്രി ടീമിനോടൊപ്പമുള്ള സമയത്ത് ഇന്ത്യ ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര നേട്ടം, ഏകദിന, ടി 20 ലോകകപ്പുകളിലെ മികച്ച പ്രകടനം, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഓസീസിനെതിരെ ടി 20 പരമ്പര എന്നിവ സ്വ്ന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അനില്‍ കുംബ്ലെ രാജിവെച്ചതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടേണ്ടി വന്നത്. രവിശാസ്ത്രിക്കു പുറമെ മുന്‍ ഇന്ത്യന്‍ താരങ്ങളായ വെങ്കിടേശ് പ്രസാദ്, വീരേന്ദര്‍ സെവാഗ്, ദോഡ ഗണേഷ്, ലാല്‍ചന്ദ് രജ്പുത്, ഓസീസ് മുന്‍ താരം ടോംമൂഡി, മുന്‍ പാക് കോച്ച് റിച്ചാര്‍ഡ് പൈബസ്, ഫില്‍ സിമ്മണ്‍സ് എന്നിവരാണ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. അതേ സമയം കോച്ചാവാന്‍ ശാസ്ത്രി കഴിഞ്ഞ ദിവസം ഔദ്യോഗികമായി അപേക്ഷ നല്‍കിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശമാണ് ഉയരുന്നത്. ഈ മാസം 10നാണ് പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായുള്ള ബി.സി.സി.ഐയുടെ ഉപദേശക സമതി യോഗം ചേരുന്നത്. ഒമ്പത് വരെ പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.

chandrika: