X

ഇടുക്കിയില്‍ പെണ്‍സുഹൃത്തിന്റെ പഴ്‌സില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ഇടുക്കി കട്ടപ്പനയില്‍ പെണ്‍ സുഹൃത്തിന്റെ പേഴ്‌സില്‍ മയക്കു മരുന്ന് ഒളിപ്പിച്ച്, കേസില്‍ കുടുക്കാന്‍ ശ്രമം. ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ കട്ടപ്പന എക്‌സൈസ് അറസ്റ്റ് ചെയ്തു. മേരികുളം സ്വദേശി മഞ്ജുവിനെയാണ് മയക്കു മരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്.
കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജില്‍ ജയനും മഞ്ജുവും ഇന്നലെ മുറിയെടുത്ത് താമസിച്ചിരുന്നു. ഇന്ന് രാവിലെ മഞ്ജുവിന്റെ പേഴ്‌സില്‍ എംഡിഎംഎ വെച്ചതിനുശേഷം ജയന്‍ കടന്നു കളഞ്ഞു. ജയന്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ മഞ്ജുവിന്റെ പേഴ്‌സില്‍ നിന്നും 300 മില്ലിഗ്രാം എം ഡി എം എ കണ്ടെത്തി. എന്നല്‍ മഞ്ജു, തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് എക്‌സൈസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജയന്‍ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജയനും മഞ്ജുവും കഴിഞ്ഞ രണ്ടുമാസമായി ഒരുമിച്ചായിരുന്നു താമസം. മഞ്ജുവിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചതെന്ന് ജയന്‍ മൊഴി നല്‍കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

webdesk13: