X

ഫലസ്തീന്‍ എന്റെ ഹൃദയമാണ്: മറഡോണ

രാമല്ല: ഇസ്രാഈലിന്റെ കൊടും പീഡനങ്ങള്‍ക്കിരയാകുന്ന ഫലസ്തീനിയന്‍ ജനത തന്റെ ഹൃദയമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഫലസ്തീന്‍ എന്റെ ഹൃദയമാണ്. അവിടുത്തെ ജനങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. മെഹ്മൂദ് അബ്ബാസ് എന്ന ഈ മഹത് വ്യക്തി ആഗ്രഹിക്കുന്നത് ഫലസ്തീന്റെ സമാധാനമാണ്. അബ്ബാസിന് ഒരു രാജ്യമുണ്ട്, ഒരു അവകാശവും’, മറഡോണ പറഞ്ഞു. മെഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ മറഡോണ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റു ചെയ്തു. ഇതിനകം ഒരു കോടിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫലസ്തീനിലെ ജനങ്ങള്‍ക്ക് മറഡോണ നല്‍കുന്ന പിന്തുണയില്‍ നന്ദി അറിയിച്ച മെഹ്മൂദ് അബ്ബാസ് അദ്ദേഹത്തിന് പരമ്പരാഗത ഛായാചിത്രവും ഫലസ്തീനിയന്‍ ഒലീവ് ഓയിലും സമ്മാനിച്ചു. റഷ്യന്‍ പ്രസിഡന്റ് വള്ാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മെഹ്മൂദ് അബ്ബാസ് മോസ്‌കോയിലെത്തിയത്. നേരത്തെ ലോകകപ്പിന് മുന്നോടിയായി ഇസ്രാഈലുമായുള്ള സൗഹൃദമത്സരം അര്‍ജന്റീന ഉപേക്ഷിച്ചത് വാര്‍ത്തയായിരുന്നു.
മുമ്പും മറഡോണ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഫലസ്തീന്‍ രാഷ്ട്രം എത്രയും വേഗം സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

2014ല്‍ ഗസ്സയില്‍ 2600 പേര്‍ കൊല്ലപ്പെട്ട ഇസ്രാഈല്‍ ആക്രമണത്തെയും മറഡോണ അപലപിച്ചു. ഫലസ്തീന്‍ ജനതയോട് ഇസ്രാഈല്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലജ്ജാവഹമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
2015ല്‍ എ.എഫ്.സി ഏഷ്യന്‍ കപ്പ് കാലത്ത് ഫലസ്തീന്‍ ടീമിന്റെ പരിശീലകനായി മറഡോണ എത്തുമെന്നും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി അദ്ദേഹം ചര്‍ച്ചയിലാണെന്നും അഭ്യൂഹമുണ്ടായിരുന്നു. പക്ഷെ, അത് നടന്നില്ല.

chandrika: