X

എലിപ്പനി വരാന്‍ എലി തന്നെ വേണമെന്നില്ല; പരിസരം വൃത്തിയാക്കുമ്പോള്‍ ജാഗ്രത അനിവാര്യം

കോഴിക്കോട്: പ്രളയ ദുരന്തത്തിന് ശേഷം രോഗഭീതിയില്‍ കഴിയുന്നവരെ ആശങ്കയിലാക്കി എലിപ്പനി ജാഗ്രതാ നിര്‍ദ്ദേശവും. പ്ലേഗ് ഉള്‍പ്പെടെയുള്ള മഹാമാരികള്‍ പടരാനുള്ള സാധ്യതയും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1999-ല്‍ എലിപ്പനി (ലെപ്‌റ്റോസ്‌പൈറോസിസ്) ആദ്യമായി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പകര്‍ച്ചവ്യാധിയുടെ ഭീകരതയെ കുറിച്ച് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം കേരളത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 12 മരണവും 159 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

ആഗസ്റ്റ് 28 ന് ഡോക്ടേര്‍സിനായുള്ള സംസ്ഥാന സര്‍ക്കാറിന്റെ അറിയിപ്പ് അനുസരിച്ച് മാസത്തില്‍ പ്രതിദിനം ശരാശരി 12.5 എലിപ്പനി കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അറിയിപ്പു വന്ന അടുത്ത മൂന്നു ദിവസങ്ങളില്‍, 159 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 44 പേര്‍ സ്ഥിരീകരിക്കുകയും 115 കേസുകള്‍ സംശയത്തിന്റെ നിഴലിലുമാണ്. സംസ്ഥാനത്ത് ഇതുവരെ തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എ്ന്നീ അഞ്ച് ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുറിവുകളിലൂടെയും പോറലുകളിലൂടെയും രോഗാണുക്കള്‍ ശരീരത്തില്‍ എത്തുമെന്നതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് എലിപ്പനി ഏറ്റവും കൂടുതല്‍ പിടികൂടാന്‍ സാധ്യതയെന്ന് ആരോഗ്യ വിദഗ്ദന്‍ ഡോ.ജി.ആര്‍ സന്തോഷ് കുമാര്‍ വിശദീകരിക്കുന്നു.

വെള്ളപ്പൊക്കത്തിന് ശേഷം വടക്കന്‍ ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതായി കേള്‍ക്കുന്നു. ആയതിനാല്‍ എലിപ്പനിയെക്കുറിച്ച് രണ്ടു ഡയലോഗടിക്കാം. കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി. എലിപ്പനി വെറും എലിപ്പനി മാത്രമല്ല, പശുപ്പനിയും കാളപ്പനിയും ആടുപനിയുമൊക്കെയാണ്. ഈ മൃഗങ്ങളുടെയൊക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ വെള്ളത്തില്‍ കലരും.

രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നത് മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ്. ‘മുറിവേറ്റവര്‍’ വെള്ളത്തിലിറങ്ങി പനിപിടിച്ചു തുള്ളിയാല്‍ അപ്പനി വെറുംപനിയല്ല. എലിപ്പനിയാവും. കെട്ടകാലത്ത് ഏതു പനിയും ആദ്യം എലിപ്പനിയായി സംശയിക്കണം. ആയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് എലിപ്പനി ഏറ്റവും കൂടുതല്‍ പിടികൂടാന്‍ സാധ്യത എന്നും ഓര്‍ക്കണം.

എലിപ്പനി എങ്ങനെ തടയാം:

കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്, കുളിക്കരുത്, വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ കൈയ്യുറയും (ഗ്ലൗസ്) കാലുറയും ധരിക്കുക. അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയും കാലും പൊതിയുക, ശുചീകരണ പ്രവര്‍ത്തനം ചെയ്യുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം, വീട്ടില്‍ പിടിച്ചു വെയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്ജ്യവും കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക, വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക, വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുക, മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക.

മാലിന്യം കുന്നുകൂടുന്നത് എലികള്‍ പെറ്റുപെരുകാന്‍ കാരണമാകും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ എലിപ്പനി തടയാന്‍ 200 മി.ഗ്രാം ഡോക്‌സിസൈക്ലിന്‍ (100 മി.ഗ്രാമിന്റെ 2 ടാബ്ലെറ്റ്) കഴിക്കുക. ഒരാഴ്ചത്തേക്ക് അത്ര മതിയാവും.

അടുത്ത ആഴ്ചയില്‍ ശുചീകരണ ജോലി ചെയ്യേണ്ടിവരുമെങ്കില്‍ വീണ്ടും ഒരു ഡോസ് കഴിക്കണം.

എലിപ്പനി ബാധിച്ചവരെ തിരിച്ചറിയാം:

വേണ്ടത്ര രോഗപ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവര്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗസാധ്യത കൂടുതലാണ്. കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം എന്നൊരു വിചാരം എല്ലാവര്‍ക്കും ഉണ്ടാവണം.

chandrika: