X
    Categories: Video Stories

ഫിലാന്റര്‍ എറിഞ്ഞിട്ടു; ഇന്ത്യക്ക് 72 റണ്‍സ് തോല്‍വി

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. മൂന്നു ദിവസം മാത്രം കളി നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്ക മുന്നോട്ടു വെച്ച 208 വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 135 റണ്‍സിന് പുറത്താവുകയായിരുന്നു. ഡെയ്ല്‍ സ്റ്റെയ്‌നിന്റെ അഭാവത്തില്‍, 42 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ വെര്‍നന്‍ ഫിലാന്റര്‍ ആണ് കോലിയുടെയും സംഘത്തിന്റെയും നടുവൊടിച്ചത്.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക 286 & 130, ഇന്ത്യ 209&135

മഴ കാരണം മൂന്നാം ദിനം പൂര്‍ണമായി നഷ്ടമായ ടെസ്റ്റില്‍, രണ്ടിന് 65 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയരുടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ 65 റണ്‍സിനുള്ളില്‍ ഇന്ത്യ വീഴ്ത്തിയപ്പോള്‍ കളി ആവേശകരമായിരുന്നു. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, രണ്ടു വീതം വിക്കറ്റ് വീവ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് ചുരുട്ടിക്കെട്ടിയത്.

ഒന്നാം ഇന്നിങ്‌സിലെ ലീഡടക്കം ആതിഥേയര്‍ മുന്നോട്ടു വെച്ച 208 എന്ന ലക്ഷ്യം ലോകോത്തര ബാറ്റ്‌സ്മാന്മാരടങ്ങുന്ന ഇന്ത്യക്ക് പ്രാപ്യമാകുമെന്ന് ആരാധകര്‍ മോഹിച്ചു. ദക്ഷിണാഫ്രിക്കയുടെ പേസ് കുന്തമുനയായ ഡെയ്ല്‍ സ്റ്റെയ്ന്‍ പരിക്കു കാരണം കളിക്കാതിരുന്നതും ഇന്ത്യക്ക് അനുഗ്രഹമായി.

എന്നാല്‍, ജീവനുള്ള പിച്ചില്‍ ജീവനില്ലാത്ത ബാറ്റിങ് കാഴ്ച വെച്ച ഇന്ത്യ ജയിക്കാമായിരുന്ന മത്സരം അടിയറ വെക്കുകയായിരുന്നു. ക്യാപ്ടന്‍ വിരാട് കോലിയും (28) രവിചന്ദ്രന്‍ അശ്വിനും (37) ഒഴികെ ആരും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ തയാറാവാതിരുന്നപ്പോള്‍ അര്‍ധാവസരങ്ങള്‍ പോലും മുതലെടുത്ത ദക്ഷിണാഫ്രിക്ക ജയം പിടിച്ചു വാങ്ങി. ഏഴിന് 82 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ അശ്വിനും ഭുവനേശ്വര്‍ കുമാറും (13 നോട്ടൗട്ട്) ചേര്‍ന്നു നേടിയ 49 റണ്‍സായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ വലിയ കൂട്ടുകെട്ട്. പന്ത്രണ്ട് ഓവറിലധികം ആതിഥേയരെ പരീക്ഷിച്ച ഈ സഖ്യം അശ്വിനെ പുറത്താക്കി ഫിലാന്റര്‍ പിളര്‍ത്തിയതോടെ ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തി.

ഫിലാന്റര്‍ക്കു പുറമെ മോണി മോര്‍ക്കലും കഗിസോ റബാഡയും രണ്ടു വീതം വിക്കറ്റുകളെടുത്തു. ഇവര്‍ക്കു പുറമെ കേശവ് മഹാരാജ് മാത്രമാണ് പന്തെറിഞ്ഞത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: