X

രാജ്യത്തെ കൊവിഡ് മരണം അരലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 63,489 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 944 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ഇന്ത്യയിലെ മൊത്തം മരണനിരക്ക് 49,980 ആയി ഉയര്‍ന്നു.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്ക ഉയര്‍ത്തുന്ന കണക്കുകളാണ് ഇന്ത്യയില്‍ നിന്ന് പ്രതിദിനം പുറത്തുവരുന്നത്. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് തന്നെ ഇന്ത്യയാണ് ഒന്നാമത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അറുപതിനായിരത്തിന് മുകളിലാണ് ഇന്ത്യയിലെ ദിവസേന കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി. ഇതില്‍ 6,77,444 എണ്ണം സജീവ കേസുകളാണ്. 18,62,258 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് മൊത്തമായി ആഗസ്ത് 15 വരെ 2,93,09,703 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 7,46,608 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.
രാജ്യത്തെ മരണനിരക്കും താഴേക്ക് വരുന്നത് ആശ്വാസമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ഇതുവരെ രണ്ട് ശതമാനത്തില്‍ താഴെയാണ് മരണനിരക്ക് എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇതിനിടെ, ലോകത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം  രണ്ട് കോടി 16 ലക്ഷം പിന്നിട്ടു. 7,68,969 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു.  കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. 55 ലക്ഷം രോഗികളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.

അമേരിക്കയില്‍ മരണനിരക്ക് 50,000 കടക്കുവാന്‍ വെറു 23 ദിവസങ്ങള്‍ മാത്രം എടുത്തപ്പോള്‍ ബ്രസീലില്‍ ഇത് 95 ദിവസമെടുത്തു. ഇന്ത്യയില്‍ ഇത് 156 ദിവസമാണ് എടുത്തിരിക്കുന്നത് എന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

chandrika: