X

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അടിച്ച് കൂട്ടിയത് 399 റണ്‍സ്

Cricket - Sri Lanka v India - First Test Match - Galle, Sri Lanka - July 26, 2017 - IndiaÕs cricketer Shikhar Dhawan celebrates his century. REUTERS/Dinuka Liyanawatte

ഗാളി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ശിഖര്‍ ധവാനും ചേതേശ്വര്‍ പുജാരയും നിറഞ്ഞാടിയ ആദ്യ ദിവസം ശക്തമായ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിലേക്ക്. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 399 റണ്‍സ് നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ഏകദിന ശൈലിയില്‍ തകര്‍ത്തടിക്കുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറി മികവിലാണ് കുറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

26 പന്തില്‍ രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സെടുത്ത ഓപ്പണര്‍ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ശേഷം ധവാന്‍-പുജാര സഖ്യം ശ്രീലങ്കയെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു.

ശിഖര്‍ ധവാന്‍ തീപ്പൊരിയായി മാറിയ കൂട്ടുകെട്ടില്‍ ഇന്ത്യ രണ്ടാം വിക്കറ്റില്‍ 253 റണ്‍സാണ് സ്വന്തമാക്കിയത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ ശിഖര്‍ 168 പന്തില്‍ 190 റണ്‍സ് നേടി പുറത്താകുകയായിരുന്നു. അര്‍ഹമായ ഇരട്ട ശതകം 10 റണ്‍സ് അകലെ വെച്ച് നഷ്ടമായെങ്കിലും ധവാന്റെ ഇന്നിംഗ്‌സ് മനോഹരമായിരുന്നു. 31 ബൗണ്ടറികള്‍ കണ്ടെത്തിയ ധവാന് അവസരം നല്‍കി വിക്കറ്റിന്റെ മറു സൈഡില്‍ ഒതുങ്ങാനാണ് ചേതേശ്വര്‍ പുജാര ശ്രമിച്ചത്.

 

ധവാന്റെ നഷ്ടത്തിനു തൊട്ടു പിന്നാലെ വിരാട് കോഹ്‌ലിയെയും(3) നഷ്ടമായെങ്കിലും പുജാരയും രഹാനെയും ഇന്ത്യയെ കൂടുതല്‍ നഷ്ടമില്ലാതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 144 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 39 റണ്‍സ് നേടി അജിങ്ക്യ രഹാനെയുമാണ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍. 113 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ചേതേശ്വര്‍-രഹാനെ കൂട്ടുകെട്ട് സ്വന്തമാക്കിയത്.
ശ്രീലങ്ക് വീഴ്ത്തിയ 3 വിക്കറ്റുകള്‍ സ്വന്തമാക്കിയത് നുവാന്‍ പ്രദീപാണ്.

24ാം ടെസ്റ്റിലാണ് കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി ധവാന്‍ കുറിച്ചത്,  നുവാന്‍ പ്രദീപിനാണ് വിക്കറ്റ്. പനി ബാധിച്ച കെ.എല്‍. രാഹുലിനു പകരം തമിഴ്നാട് താരം അഭിനവ് മുകുന്ദിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഒന്നാം ടെസ്റ്റിന് ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ടെസ്റ്റ് അരങ്ങേറ്റമെന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ട്. ലങ്കന്‍ നിരയില്‍ ധനുഷ്‌ക ഗുണതിലകയുടെയും ആദ്യ ടെസ്റ്റാണിത്. ഇന്ത്യന്‍ താരം ആര്‍.അശ്വിന്റെ 50ാം ടെസ്റ്റു കൂടിയാണിത്. പരമ്പരയിലാകെ മൂന്നു ടെസ്റ്റുകളാണുള്ളത്.

അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20 യും പരമ്പരയുടെ ഭാഗമാണ്. ഇന്ത്യയും ശ്രീലങ്കയും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയത് 38 ടെസ്റ്റ് മത്സരങ്ങളിലാണ്. 16 എണ്ണത്തില്‍ വിജയം ഇന്ത്യയ്ക്കൊപ്പം നിന്നപ്പോള്‍, ഏഴെണ്ണത്തില്‍ ശ്രീലങ്ക ജയിച്ചു. 15 മത്സരങ്ങള്‍ സമനിലയിലായി. 1982ല്‍ ആയിരുന്നു ആദ്യ പരമ്പര. അവസാന പരമ്പര 2015ലും. അതില്‍ 21ന് ഇന്ത്യ ജയിച്ചു. ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, അഭിനവ് മുകുന്ദ്, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്!ലി, അജിങ്ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്.

chandrika: