X

കടുവകള്‍ കൂട്ടില്‍; അവസാന ദിനം ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടത് 356

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരെ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന ദിനം ഏഴു വിക്കറ്റ് കയ്യിലിരിക്കെ ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടത് 356 റണ്‍സ് കൂടി. 459 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടരുന്ന സന്ദര്‍ശകര്‍ നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 35 ഓവറില്‍ മൂന്നിന് 103 എന്ന നിലയിലാണ്. 21 റണ്‍സെടുത്ത ഷാക്കിബുല്‍ ഹസാനും ഒന്‍പത് റണ്‍സോടെ മഹ്മൂദുള്ളയുമാണ് ക്രീസില്‍. തമീം ഇഖ്ബാല്‍ (03), സൗമ്യ സര്‍ക്കാര്‍ (42), മൊമിനുല്‍ ഹഖ് (27) എന്നിവരുടെ വിക്കറ്റുകളാണ് കടുവകള്‍ക്ക് നഷ്ടമായത്. ഇന്ത്യക്കായി അശ്വിന്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 687 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 299 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 29 ഓവറിലാണ് 159 റണ്‍സിലെത്തിയത്. ഇന്ത്യയ്ക്കായി പൂജാര പുറത്താകാതെ 54 റണ്‍സെടുത്തു. 58 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാരയുടെ ഇന്നിംഗ്‌സ്. പൂജാരയെ കൂടാതെ ക്യാപ്റ്റന്‍ വിരാട് കോലി 38ഉം രഹാന 28 റണ്‍സെടുത്തു. ജഡേജ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അതെസമയം കെഎല്‍ രാഹുല്‍ ഒരിക്കല്‍ കൂടി ബാറ്റിംഗില്‍ പരാജപ്പെട്ടു. 10 റണ്‍സാണ് രാഹുല്‍ നേടിയത്. മുരളി വിജയ് ഏഴ് റണ്‍സെടുത്തും പുറത്തായി. ബംഗ്ലാദേശിനായി തസ്‌കീന്‍ അഹമ്മദും ഷാകിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ 687 റണ്‍സെന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ബാറ്റ് ചെയ്ത ബംഗ്ലാദേശ് പ്രതിരോധം ഒന്നാം ഇന്നിങ്‌സില്‍ 388 റണ്‍സിന് അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം നാലാം ദിനത്തിന്റെ തുടക്കത്തില്‍ പൊരുതി നോക്കിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. മുഷ്ഫിഖുര്‍ റഹീം 127 റണ്‍സെടുത്തു. 262 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും സഹിതമാണ് മുഷ്ഫിഖിന്റെ ഇന്നിംഗ്‌സ്. നാലാം ദിനം പ്രതീക്ഷയോടെ ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേളിന് തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാനാവാതെ മെഹ്ദി ഹസനെ നഷ്ടമായി. 51 റണ്‍സാണ് താരം നേടിയത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ മെഹ്ദി ഹസന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഇടവേളകളില്‍ ബംഗ്ലാദേശിന് വിക്കറ്റുകള്‍ നഷ്ടമായപ്പോഴും ഒരറ്റത്ത് മുഷ്ഫിഖുര്‍ റഹീം പിടിച്ചു നിന്നു. താജുല്‍ ഇസ്്‌ലാം 10ഉം തസ്‌കീന്‍ അഹമ്മദ് എട്ടും റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി ഉമേശ് യാദവ് മൂന്ന വിക്കറ്റ് വീഴത്തി. 25 ഓവറില്‍ 84 റണ്‍സ് വഴങ്ങിയാണ് ഉമേശ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ആര്‍ അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതവും ഇശാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

chandrika: