X

തിരിച്ചടിച്ച് ഇന്ത്യ; ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി

ചെന്നൈ: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. 39 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റും വീണു. 9 റണ്‍സെടുത്ത ഡാന്‍ ലോറന്‍സാണ് ഒടുവില്‍ പുറത്തായത്. ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ടീം സ്‌കോര്‍ ചെയ്യും മുന്‍പേ ആദ്യ വിക്കറ്റ് വീഴ്ത്തിയാണ് ഇഷാന്ത് ശര്‍മ ഇംഗ്ലണ്ടിന് പ്രഹരമേല്‍പിച്ചത്. റോറി ബേണ്‍സ് എല്‍ബി ആയി പുറത്തായി. 16 റണ്‍സില്‍ രണ്ടാം വിക്കറ്റും വീണു. അശ്വിന്റെ പന്തില്‍ കോലിക്കു ക്യാച്ച് നല്‍കി മടങ്ങിയത് ഡോം സിബ്‌ലി. ക്യാപ്റ്റന്‍ ജോറൂട്ട് ആറ് റണ്‍സിനും ഡാന്‍ ലോറന്‍സ് 9 റണ്‍സിനും പുറത്തായി. റൂട്ടിനെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ആര്‍. അശ്വിന്‍ ക്യാച്ചെടുത്തു പുറത്താക്കി. ഡാന്റെ വിക്കറ്റ് ആര്‍. അശ്വിനാണ്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 329 റണ്‍സിനു പുറത്തായി. രണ്ടാം ദിനം ആറിന് 300 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് 29 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടേയും (161) വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ അര്‍ധസെഞ്ചുറിയുടേയും (67) ബാറ്റിങ് കരുത്തിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം.

രണ്ടാം ദിനം ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടി. 77 പന്തുകള്‍ നേരിട്ട താരം 58 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി മൊയീന്‍ അലി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഒലി സ്റ്റോണ്‍ മൂന്നും ജാക്ക് ലീഷ് രണ്ടും ജോ റൂട്ട് ഒരു വിക്കറ്റും വീഴ്ത്തി. ശുഭ്മാന്‍ ഗില്‍ (പൂജ്യം), ചേതേശ്വര്‍ പൂജാര (21), ക്യാപ്റ്റന്‍ വിരാട് കോലി (പൂജ്യം), രോഹിത് ശര്‍മ (161), അജിന്‍ക്യ രഹാനെ (67), ആര്‍. അശ്വിന്‍ (13) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ ദിനം തന്നെ ഇന്ത്യയ്ക്കു നഷ്ടമായിരുന്നു.

 

web desk 3: