X

മൊഹാലി ടെസ്റ്റ്: ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

മൊഹാലി: സ്പിന്നര്‍മാരും പേസര്‍മാരും ഒരു പോലെ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് ജയം. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ മുന്നിലെത്തി. നാലാം ടെസ്റ്റ് ഡിസംബര്‍ എട്ടിന് മുംബൈയില്‍ നടക്കും. ഇംഗ്ലണ്ട് ഉയര്‍ത്തിയ 103 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പാര്‍ത്ഥിവ് പട്ടേല്‍(67) ചേതേശ്വര്‍ പുജാര(25) എന്നിവര്‍ തിളങ്ങി.

സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ഇംഗ്ലണ്ട്: 283,236, ഇന്ത്യ: 417,104/2

134 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ടിന് 236 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രവിചന്ദ്ര അശ്വിന്‍ മൂന്ന് വിക്കറ്റുമായി കളം നിറഞ്ഞപ്പോള്‍ ഷമി, ജദേജ, ജയന്ത് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വിതം വീഴ്ത്തി. അതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 103 റണ്‍സ് ആയി. 54 പന്തില്‍ നിന്നാണ് പട്ടേല്‍ 67 റണ്‍സ് നേടിയത്. പതിനൊന്ന് ബൗണ്ടറിയും ഒരു സികസറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. മുരളി വിജയ് പൂജ്യത്തിന് പുറത്തായപ്പോള്‍ ആറു റണ്‍സുമായി വിരാട് കോഹ്ലി പുറത്താകാതെ നിന്നു.

നാലിന് 78 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ജോ റൂട്ട് (78) റണ്‍സുമായി ടോപ് സ്‌കോററായപ്പോള്‍ 59 റണ്‍സുമായി ഹസീബ് ഹമീദ് പുറത്താകാതെ നിന്നു. തലേന്നത്തെ അതേസ്‌കോറില്‍ ഗാരെത് ബാറ്റിയെ മടക്കി ജദേജയാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. ജോസ് ബട്ട്‌ലറെ(18) ജയന്ത് യാദവ് മടക്കി. ജോ റൂട്ടിനെ ജദേജയുടെ പന്തില്‍ ഉജ്വല ക്യാച്ചിലൂടെ രഹാനെ പുറത്താക്കി. 179 പന്തില്‍ നിന്ന് ആറ് ബൗണ്ടറികള്‍ സഹിതമായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. ക്രിസ് വോക്‌സിനെയും(30) ആദില്‍ റാഷിദിനെയും(0) ഒരോവറില്‍ പുറത്താക്കി ഷമി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

ജയിംസ് ആന്‍ഡേഴ്‌സണ്‍ റണ്‍ഔട്ടായതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി. 156 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയും സഹിതം ഹസീബ് 59 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 204ന് ആറ് എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ രക്ഷക്കെത്തിയും ഇന്ത്യയുടെ സ്പിന്‍ ത്രയങ്ങളായിരുന്നു. ജദേജ 90 റണ്‍സുമായി ടോപ് സ്‌കോറായപ്പോള്‍ രവിചന്ദ്ര അശ്വിന്‍ 72ഉം ജയന്ത് യാദവ് 55 റണ്‍സും നേടി ടീമിന് നിര്‍ണായക ലീഡ് നേടിക്കൊടുത്തു.


Don’t miss: റൂട്ടിനെ പുറത്താക്കി രഹാനെയുടെ കിടിലന്‍ ക്യാച്ച്‌


chandrika: