X
    Categories: Newstech

കൊറോണ വൈറസല്ല, 2020 ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കുടുതല്‍ തിരഞ്ഞത് ഈ വാക്കാണ്

ഡല്‍ഹി: 2020ന്റെ സിംഹഭാഗവും കോവിഡ് മഹാമാരി കൈയടക്കിയെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഐപിഎല്ലും അതുസംബന്ധിച്ച വിഷയങ്ങളും!. ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള സ്വാധീനം ഇക്കൊല്ലവും അരക്കിട്ടുറപ്പിക്കുന്നതാണ് ഗൂഗിള്‍ പുറത്തുവിട്ട ഏറ്റവും പുതിയ സെര്‍ച്ചിങ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റായിരുന്നു ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ വിഷയം.

ഐപിഎല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കൊറോണ വൈറസ് രണ്ടാമതും അമേരിക്കന്‍ തെരഞ്ഞെടുപ്പ് മൂന്നാം സ്ഥാനത്തുമുണ്ട്. നിര്‍ഭയ കേസ്, ലോക്ക്ഡൗണ്‍, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍, രാമക്ഷേത്ര ശിലാസ്ഥാപനം എന്നിവയും തിരച്ചില്‍ വിഷയങ്ങളായി.

കോവിഡിനെ തുടര്‍ന്ന് ഐപിഎല്‍ 13ാം അധ്യായം ഇത്തവണ യുഎഇയില്‍ ആണ് അരങ്ങേറിയത്. ആളുകളെ പ്രവേശിപ്പിക്കാതെയാണ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ അരങ്ങേറിയതെങ്കിലും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളടക്കം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ആരാധകരാണ് ഓരോ ദിവസവും മത്സരം കണ്ടത്. കാഴ്ചക്കാരുടെ എണ്ണത്തില്‍ 28 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇതും റെക്കോര്‍ഡായി മാറിയിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ഓപണ്‍, ലാ ലിഗ എന്നിവയാണ് 2020ല്‍ ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്ത കായിക പോരാട്ടങ്ങള്‍. ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വ്യക്തിത്വങ്ങള്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, അര്‍ണബ് ഗോസ്വാമി, ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍, കങ്കണ റണാവത്ത്, അങ്കിത ലോഖണ്ഡെ എന്നിവരാണ്.

 

web desk 3: