X

ഗര്‍ഭസ്ഥ ശിശുവിന് അപൂര്‍വ ശസ്ത്രക്രിയ; ശ്രദ്ധ നേടി ഇന്ത്യന്‍ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം

അബുദാബി: ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലിലെ വളര്‍ച്ചാ തകരാര്‍ പരിഹരിക്കാനുള്ള സങ്കീര്‍ണവുമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ഡോക്ടറെന്ന നേട്ടം സ്വന്തമാക്കി അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ ഡോ. മന്ദീപ് സിംഗ്.

മേഖലയിലെ ആദ്യ സ്പൈന ബൈഫിഡ ശസ്ത്രക്രിയ ഡോ. മന്ദീപിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പൂര്‍ത്തിയാക്കിയതോടെയാണ് ഈ അപൂര്‍വ നേട്ടം. കൊളംബിയ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക ലിസ് വാലന്റീന പാര റോഡ്രിഗസിന്റെ 24 ആഴ്ചപ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജീവിതം മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഗര്‍ഭാശയ ശസ്ത്രക്രിയയാണിത്.അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍നടന്ന ശസ്ത്രക്രിയ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു.

നട്ടെല്ലിന്റെ അസ്ഥികള്‍ രൂപപ്പെടാത്തപ്പോള്‍ സംഭവിക്കുന്ന ജനന വൈകല്യമാണ് സ്പൈന ബൈഫിഡ. ഇതിലൂടെ സുഷുമ്ന നാഡി അമ്‌നിയോട്ടിക് ഫ്‌ലൂയിഡിലേക്ക് തുറക്കപ്പെടുകയും സ്ഥിരം വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. മലവിസര്‍ജ്ജനം, മൂത്രാശയ നിയന്ത്രണം, പക്ഷാഘാതം അല്ലെങ്കില്‍ ശരീരത്തിന്റെ കീഴ്ഭാഗത്തെ അവയവങ്ങളിലെ പേശികളുടെ ബലഹീനത എന്നിവയ്ക്ക് ഈ അവസ്ഥ കാരണമാകും.

ഗര്‍ഭാവസ്ഥയുടെ 19-25 ആഴ്ചയ്ക്കിടയില്‍ നട്ടെല്ലിലെ തകരാര്‍ പരിഹരിക്കാന്‍ ഗര്‍ഭാശയത്തില്‍ നടത്തുന്ന സ്പൈന ബൈഫിഡ റിപ്പയര്‍ ശസ്ത്രക്രിയയിലൂടെ ജനനശേഷം ശിശുവിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനാകുമെന്നതാണ് നിര്‍ണ്ണായകം. അന്താരാഷ്ട്ര കണക്കനുസരിച്ചു 1,000 ജനനങ്ങളില്‍ ഒരു കുട്ടിക്കാണ് സ്പൈന ബൈഫിഡ വൈകല്യം സംഭവിക്കുന്നത്.

സ്‌പൈന ബൈഫിഡ റിപ്പയര്‍ ശസ്ത്രക്രിയയ്ക്കിടെ ഗര്‍ഭപാത്രത്തില്‍ കീറലുണ്ടാക്കി ഗര്‍ഭസ്ഥ ശിശുവിനെ അല്‍പ്പം പുറത്തെടുത്താണ് പിറകുവശത്ത് ശസ്ത്രക്രിയ നടത്തുക. കുഞ്ഞിന്റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ കൃത്രിമ പാച്ച് ഉണ്ടാക്കും. ഇതിനു ശേഷം അമ്‌നിയോട്ടിക് ദ്രാവകം വീണ്ടും ഗര്‍ഭ പാത്രത്തിലേക്ക് കുത്തിവച്ച് ഗര്‍ഭപാത്രം അടക്കും. ഗര്‍ഭാവസ്ഥയുടെ ശേഷിക്കുന്ന കാലം കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ തന്നെ തുടരും. 37-ാം ആഴ്ച സിസേറിയന്‍ വഴിയാണ് പ്രസവം നടക്കുക.

ആശുപത്രിയിലെ കിപ്രോസ് നിക്കോളൈഡ്‌സ് ഫീറ്റല്‍ മെഡിസിന്‍ ആന്‍ഡ് തെറാപ്പി സെന്ററില്‍ നടന്ന അത്യാധുനിക ശസ്ത്രക്രിയയ്ക്കായി ഡോ. മന്ദീപ് ആറംഗ മെഡിക്കല്‍ സംഘത്തെയാണ് നയിച്ചത്. മലയാളികള്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മെഡിക്കല്‍ സംഘത്തിന് പിന്തുണ നല്‍കി. ഗര്‍ഭാശയത്തിനകത്തെ ഇത്തരം ശസ്ത്രക്രിയ നടത്താന്‍ പരിശീലിച്ച ലോകത്തെ ചുരുക്കം ചില വിദഗ്ധരില്‍ ഒരാളായ ഡോ. മന്ദീപ് സിംഗ്.അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തിന്റെ സിഇഒ കൂടിയാണ്.

ഫീറ്റല്‍ മെഡിസിന്റെ പിതാവായി കണക്കാക്കപ്പെടുന്ന പ്രൊഫ. കിപ്രോസ് നിക്കോളൈഡ്‌സിന്റെ കീഴില്‍ ഡോ. സിംഗ് പരിശീലനം നേടിയിട്ടുണ്ട്,

ശസ്ത്രക്രിയക്ക് ശേഷം അമ്മ സുഖമായിരിക്കുന്നതായും ഓഗസ്റ്റില്‍ അബുദാബിലെ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഡോ സിംഗ് പറഞ്ഞു. ജനനത്തിനു ശേഷം, നിയോനാറ്റോളജിസ്റ്റുകള്‍, പീഡിയാട്രിക് യൂറോളജിസ്റ്റുകള്‍, പീഡിയാട്രിക് ഓര്‍ത്തോപീഡിക് വിദഗ്ധര്‍, പുനരധിവാസ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് തുടര്‍ പരിചരണം ആസൂത്രണം ചെയ്യും.

webdesk15: