X
    Categories: crimeNews

മരിച്ച കുഞ്ഞിന് ‘ജീവന്‍ വെച്ചു’; ആശുപത്രിയില്‍ നാടകീയ സംഭവങ്ങള്‍; അറസ്റ്റ്

ഗുവാഹത്തി: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ കുട്ടി മരിച്ചെന്ന് വിധിയെഴുതി മാതാപിതാക്കളെ മടക്കിയ കമ്പൗണ്ടറുടെ അനാസ്ഥയില്‍ പൊലിഞ്ഞത് രണ്ട് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവന്‍. അസമിലെ ഡിബ്രുഗഢിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായ കമ്പൗണ്ടറായ ഗൗതം മിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിബ്രുഗഢിലുള്ള മുട്ടുക്ക് തേയില തോട്ടത്തിനോടനുബന്ധിച്ച് നടത്തുന്ന ആശുപത്രിയിലാണ് അതി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞുമായി തേയില തോട്ടത്തില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ ചികിത്സക്കായി ഈ ആശുപത്രിയിലെത്തിയ സമയത്ത് ഡോക്ടര്‍മാരും നഴ്‌സുമാരും ആരും ഉണ്ടായിരുന്നില്ല. കമ്പൗണ്ടറായ ഗൗതം മിത്ര മാത്രമായിരുന്നു ഈ സമയത്ത് അവിടെയുണ്ടായിരുന്നത്. കുട്ടിയെ പരിശോധിച്ച ഗൗതം കുഞ്ഞ് മരിച്ചതായി പറഞ്ഞ് മാതാപിതാക്കളെ മടക്കി.

വീട്ടിലെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ അടക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ അമ്മയുടെ മടിയില്‍ നിന്ന് കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ അസം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കൃത്യ സമയത്ത് കുഞ്ഞിന് ചികിത്സ നല്‍കിയിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

സംഭവത്തെ തുടര്‍ന്ന് എസ്‌റ്റേറ്റിലെ 1200 തൊഴിലാളികള്‍ സംഘടിച്ച് ആദ്യം ചികിത്സയ്ക്ക് പോയ ആശുപത്രിയിലേക്കും പിന്നീട് പൊലീസ് സ്‌റ്റേഷനിലേക്കും പ്രതിഷേധ പ്രകടനം നടത്തി. ഇതിന് പിന്നാലെയാണ് പൊലീസ് ഗൗതം മിത്രയെ അറസ്റ്റ് ചെയ്തത്.

 

 

web desk 3: