X

ഐപിഎല്ലിലേക്ക് പുതിയ ടീം എത്തുന്നു; ക്യാപ്റ്റനാകാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ഇവരാണ്

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഫ്രാഞ്ചൈസികളുടെ എണ്ണം ഒമ്പതാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദിന്റെ പേരിലായിരിക്കും പുതിയ ഫ്രാഞ്ചൈസി. അടുത്ത ഐപിഎല്‍ സീസണിന് അഞ്ച് മാസം മാത്രം ശേഷിക്കെ ആരാവും ഈ പുതിയ ഐപിഎല്‍ ടീമിനെ നയിക്കുക എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞു.

2021 സീസണിന് മുന്‍പ് മെഗാ താര ലേലം നടക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചതായാണ് സൂചന. ഇത് പുതിയ ഫ്രാഞ്ചൈസിക്ക് ഗുണം ചെയ്യുമ്പോള്‍ പുതിയ ടീമിന്റെ നായകരാവാന്‍ സാധ്യതയുള്ളവര്‍ ഇവരാണ്.

രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനാണ് രഹാനെ. ഡല്‍ഹിക്ക് വേണ്ടി ഈ സീസണില്‍ കളിച്ചെങ്കിലും എല്ലാ മത്സരത്തിലും രഹാനെയില്‍ ഡല്‍ഹി വിശ്വാസം വെച്ചില്ല. മികച്ച ഫോമിലുമായിരുന്നില്ല താരം. രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചും, ഓപ്പണര്‍ റോളില്‍ ഇറങ്ങിയും പരിചയും രഹാനെയ്ക്കുണ്ട്.

കെയ്ന്‍ വില്യംസണ്‍

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ് വില്യംസണ്‍. എന്നാല്‍ ഐപിഎല്‍ ഏറെ നാള്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയെ നയിക്കാനുള്ള ഭാഗ്യം വില്യംസണിന് ഇതുവരെ ലഭിച്ചിട്ടില്ല. ഹൈദരാബാദിനൊപ്പം ഏറെ നാളായുണ്ടെങ്കിലും താര ലേലത്തിലേക്ക് വില്യംസണിന്റെ പേരും എത്തിയേക്കും.

സുരേഷ് റെയ്‌ന

ഐപിഎല്‍ ചരിത്രത്തിലെ പ്രധാന പേരുകളില്‍ ഒന്നാണ് റെയ്‌നയുടേത്. ഐപിഎല്‍ റണ്‍വേട്ടയില്‍ രണ്ടാമത് നില്‍ക്കുന്ന താരം. ഐപിഎല്ലിന്റെ 13ാം സീസണിന് മുന്‍പ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിന്മാറിയ റെയ്‌നയെ ഇനി ചെന്നൈ ടീമിലേക്ക് മടക്കി കൊണ്ടുവരുമോ എന്നത് വ്യക്തമല്ല.

നായകന്‍ എന്ന നിലയിലും റെയ്‌ന കഴിവ് തെളിയിച്ചിട്ടുണ്ട്. ഏതാനും മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചതിനൊപ്പം 2016ലും 2017ലും ഗുജറാത്ത് ലയേണ്‍സിനെ നയിച്ച അനുഭവ സമ്പത്ത് റെയ്‌നയ്ക്കുണ്ട്.

മനീഷ് പാണ്ഡേ

വിശ്വസ്തനായ മുന്‍ നിര ബാറ്റ്‌സ്മാനാണ് മനീഷ് പാണ്ഡേ. ഇന്ത്യന്‍ ടീമിന്റെ ഭാഗമായ മനീഷ്, കൊല്‍ക്കത്തക്കും, ഹൈദരാബാദിനും വേണ്ടിയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കളിച്ചത്. 2018ല്‍ 11 കോടി രൂപയ്ക്കാണ് മനീഷിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.

2021 താര ലേലത്തിലേക്ക് എത്തുമ്പോള്‍ മനീഷ് പാണ്ഡേയെ ഹൈദരാബാദ് റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്. നായകത്വത്തില്‍ മനീഷിന് മുന്‍പരിചയമുണ്ട്. ലിസ്റ്റ് എയിലും ടി20യിലും കര്‍ണാടകയെ മനീഷ് നയിച്ചിരുന്നു.

ആര്‍ അശ്വിന്‍

ഐപിഎല്ലില്‍ വളരെ നാളത്തെ അനുഭവസമ്പത്ത് അശ്വിനുണ്ട്. ചെന്നൈക്ക് വേണ്ടി കളിച്ചതിന് പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായും അശ്വിന്‍ എത്തി. ഈ വര്‍ഷം ഡല്‍ഹിക്ക് വേണ്ടിയാണ് അശ്വിന്‍ കളിച്ചത് എങ്കിലും അടുത്ത വര്‍ഷത്തെ താര ലേലത്തിന് മുന്‍പായി അശ്വിനെ ഡല്‍ഹി റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്.

web desk 3: