X
    Categories: Newsworld

ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ഇറാന്‍

ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍. ട്രംപ് ഉള്‍പ്പെടെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യം.

ജനറല്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ഇറാന്‍ ട്രംപ് ഉള്‍പ്പെടെയുള്ള അമേരിക്കയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇന്റര്‍നാഷണല്‍ പൊലീസ് ഓര്‍ഗനൈസേഷനോട് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഇറാനിയന്‍ വക്താവ് ഗൊലാംഹുസൈന്‍ ഇസ്മയിലി സ്ഥിരീകരിച്ചു.

ഇത് രണ്ടാംതവണയാണ് ഇന്റര്‍നാഷണല്‍ പൊലീസ് ഓര്‍ഗനൈസേഷനോട് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്‍ ആവശ്യപ്പെടുന്നത്. ജൂണ്‍ മാസത്തില്‍ ടെഹ്‌റാനിലെ പ്രോസിക്യൂട്ടര്‍ അലി അല്‍ക്വാഷ്മിര്‍ ട്രംപ് ഉള്‍പ്പെടെ പന്ത്രണ്ടോളം യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അതേസമയം ഫ്രാന്‍സ് ആസ്ഥാനമായുള്ള ഇന്റര്‍പോള്‍ ഇറാന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. ഇറാന്‍ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനത്തിനും ജര്‍മ്മന്‍ എയര്‍ബേസിനും പങ്കുണ്ടെന്ന ആരോപണവുമായി ഇറാന്‍ പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയിരുന്നു. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച് ഒരു വര്‍ഷം പിന്നിടവെയാണ് ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയത്.

ഇറാഖിലെ എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെടുന്നത്.
ഖാസിം സുലൈമാനിയുടെ വധത്തില്‍ ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണം നടത്തിയ 30 പേര്‍ക്കെതിരെയും ഇറാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും കേസുമായി മുന്നോട്ട് പോകുമെന്നും നേരത്തെ തന്നെ ഇറാന്‍ പറഞ്ഞിരുന്നു.

web desk 3: