X

ഇറാഖ് യുദ്ധം: ബ്രിട്ടന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ഗോര്‍ഡന്‍ ബ്രൗണ്‍

ലണ്ടന്‍: ഇറാഖ് അധിനിവേശക്കാര്യത്തില്‍ അമേരിക്ക ബ്രിട്ടനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍. സദ്ദാം ഹുസൈന്റെ കൈവശം സംഹാരായുധങ്ങളുണ്ടെന്ന തെറ്റായ വിവരം അമേരിക്കയാണ് ബ്രിട്ടന് കൈമാറിയത്. ഇറാഖ് യുദ്ധത്തില്‍ ബ്രിട്ടന്‍ ചേരുന്നതിനുമുമ്പ് അതേക്കുറിച്ചുള്ള സത്യാവസ്ഥ യു.എസ് ഇന്റലിജന്‍സ് ബ്രിട്ടനില്‍നിന്ന് മറച്ചുവെക്കുകയായിരുന്നുവെന്നും മുന്‍ ലേബര്‍ പാര്‍ട്ടി നേതാവു കൂടിയായ ബ്രൗണ്‍ ഓര്‍മക്കുറിപ്പില്‍ പറയുന്നു.

പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്തുപോയതിനു ശേഷമാണ് താന്‍ അക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാഖില്‍ സംഹാരായുധങ്ങളുണ്ടെന്നാണ് 2002 മുതല്‍ ബ്രിട്ടീഷ് ഇന്റലിജന്‍സും പറഞ്ഞുപോന്നിരുന്നത്. വ്യക്തമായ തെളിവുകള്‍ക്കപ്പുറം നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഇന്റലിജന്‍സ് അത് പറഞ്ഞിരുന്നതെന്ന് തനിക്ക് പിന്നീട് ബോധ്യമായെന്ന് ബ്രൗണ്‍ പറയുന്നു.

2003 മാര്‍ച്ചില്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ഇറാഖിനെ ആക്രമിക്കുന്നതിനെതിരെ ബ്രിട്ടനില്‍ തന്നെ ജനരോഷം ശക്തമായിരുന്നു. പൊതുവികാരം കണക്കിലെടുക്കാതെയും തെളിവുകളില്ലാതെയുമാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്. സത്യാവസ്ഥ അറിഞ്ഞിരുന്നെങ്കില്‍ ബ്രിട്ടന്‍ ഒരിക്കലും യുദ്ധത്തിന് സമ്മതിക്കുമായിരുന്നില്ലെന്ന് ബ്രൗണ്‍ വ്യക്തമാക്കി. രാസ, ജൈവ, ആണവ ആയുധങ്ങള്‍ ഒന്നും തന്നെ ഇറാഖിന്റെ പക്കലുണ്ടായിരുന്നില്ല. അമേരിക്കന്‍ സഖ്യസേനയെ ആക്രമിക്കാനും അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനും ഇറാഖിന്റെ തകര്‍ച്ചക്കും പശ്ചിമേഷ്യയില്‍ ദൂരവ്യാപക പ്രത്യാഘാതത്തിനും കാരണമായ യുദ്ധം നീതീകരിക്കാനാവാത്തതാണെന്ന് ബ്രൗണ്‍ സമ്മതിക്കുന്നു. ഇറാഖിനെ ആക്രമിക്കുമ്പോള്‍ ടോണി ബ്ലെയറായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷും ബ്ലെയറും തയാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇറാഖ് അധിനിവേശമെന്ന് ആരോപണമുണ്ട്.

chandrika: