X

ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ 36 കോടി വാഗ്ദാനം നല്‍കിയെന്ന് ശര്‍മ്മിള

ഇംഫാല്‍: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള രംഗത്ത്. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പേറുന്ന മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ 36 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണമാണ് ശര്‍മ്മിള ഉന്നയിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശര്‍മ്മിളയുടെ ആരോപണം. എന്നാല്‍ പണത്തിന് മുന്നില്‍ തന്റെ ആദര്‍ശങ്ങള്‍ അടിയറവ് വെക്കില്ലെന്ന് ശര്‍മ്മിള പറഞ്ഞു.

നിരാഹാരം അവസാനിപ്പിച്ച് തെരഞ്ഞടുപ്പ് ഗോദയിലിറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാവ് പണം വാഗ്ദാനം ചെയ്തു രംഗത്ത് എത്തിയത്. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞൂവെന്ന്‌ ശര്‍മ്മിള വ്യക്തമാക്കി.തെരഞ്ഞെടുപ്പില്‍ ഇബോബി സിങ്ങിനെതിരെ ശര്‍മ്മിള മത്സരിക്കുന്നുണ്ടെങ്കിലും പുതുതായി രൂപീകരിച്ച പ്രജ പാര്‍ട്ടിയുടെ ബാനറിലാണ്‌. അതേസമയം ശര്‍മ്മിളയുടെ ആരോപണങ്ങള്‍ തള്ളി ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് രംഗത്ത് എത്തി.

ഞങ്ങള്‍ അവരെ സമീപിച്ചിട്ടില്ല, ശര്‍മ്മിള നുണ പറയുകയാണെന്ന് രാം മാധവ് പറഞ്ഞു. തൗബാല്‍, ഖുരായ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ശര്‍മ്മിള ജനവിധി തേടുന്നുണ്ട്. ഇതില്‍ ഖുരായ് ശര്‍മ്മിളയുടെ സ്വന്തം മണ്ഡലമാണെങ്കില്‍ തൗബാല്‍ ഇബോബി സിങ്ങിന്റെ മണ്ഡലമാണ്. 60 അംഗ അസംബ്ലിയിലേക്ക് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് പതിനൊന്നിനാണ് ഫലപ്രഖ്യാപനം.

chandrika: