X
    Categories: indiaNews

ജാതി സമവാക്യം ജെന്‍ഡര്‍ രാഷ്ട്രീയത്തിന് വഴിമാറുന്നോ ?

ലക്‌നൗ: ജാതി നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ ഒന്നിനൊന്ന് മത്സരിക്കുന്ന സംസ്ഥാനമാണ് യു.പി. എന്നാല്‍ ഇത്തവണ കളി മാറുകയാണോ. ജാതി സമവാക്യത്തിനു പകരം ജെന്‍ഡര്‍ സമവാക്യം യു.പിയുടെ ഗതി നിര്‍ണയിക്കുമോ എന്നാണ് ചോദ്യം. വനിതാ വോട്ടുകള്‍ എങ്ങനെ സ്വരുക്കൂട്ടാം എന്നതിലാണ് രാഷ്ട്രീയ കക്ഷികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കോണ്‍ഗ്രസ് ആണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും നിലവില്‍ എല്ലാ കക്ഷികളും ഈ ദിശയിലാണ്. കോണ്‍ഗ്രസ് ജന.സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് വനിതാ വോട്ടര്‍മാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആദ്യം പ്രചാരണം തുടങ്ങിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലും ഇത് പ്രതിഫലിച്ചു.

പകുതിയലിധികം സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്. ഉന്നാവ് ഇരയുടെ അമ്മ അടക്കമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുക വഴി കൃത്യമായ രാഷ്ട്രീയവും കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നുണ്ട്. വൈകാതെ ബി. ജെ.പി അടക്കമുള്ള കക്ഷികളും ഇതേ ദിശയിലേക്ക് എത്തി. ഡിസംബറില്‍ പ്രയാഗ്‌രാജില്‍ വനിതാ സ്വയംസഹായ സംഘങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചത് ഇതിന്റെ ഭാഗമായാണ്. യോഗി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരായ കൈയേറ്റങ്ങള്‍ വര്‍ധിച്ചുവെന്ന പ്രതിപക്ഷ പ്രചാരണത്തെ മറികടക്കലും ബി.ജെ.പി ലക്ഷ്യമാണ്. വനിതാ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ എസ്.പിയും ബി.എസ്.പിയും ആവതു ചെയ്യുന്നുണ്ട്. ജാട്ട് രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാറുള്ള ആര്‍. എല്‍.ഡി വരെ ഇത്തവണ സ്ത്രീ സൗഹൃദ നയത്തിലേക്ക് ചുവടു മാറ്റി.

അധികാരത്തിലെത്തിയാല്‍ വനിതകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തുമെന്നാണ് ആര്‍.എല്‍. ഡി പ്രഖ്യാപനം. കണക്കിന്റെ ചില പിന്‍ബലവും ഈ കളികള്‍ക്കുണ്ട്. 15 കോടിയോളമാണ് യു.പിയിലെ ആകെ വോട്ടര്‍മാര്‍. ഇതില്‍ വനിതകള്‍ 6.98 കോടിയും പുരുഷന്മാര്‍ എട്ടു കോടിയും വരും.

14.16 കോടി വോട്ടര്‍മാരാണ് യു.പിയില്‍ 2017ല്‍ ഉണ്ടായിരുന്നത്. 6.46 കോടി വനിതകളും 7.7 കോടി പുരുഷന്മാരും. ഇത്തവണ 52 ലക്ഷം പേര്‍ പുതുതായി പേര് ചേര്‍ത്തു. ഇതില്‍ ഭൂരിഭാഗം വനിതകളാണ്. 2017ല്‍ 4.5 കോടി സ്ത്രീ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ആകെ സ്ത്രീ വോട്ടര്‍മാരുടെ 63.31 ശതമാനം. വോട്ടു ചെയ്ത പുരുഷന്മാരുടെ എണ്ണം 4.5 കോടിയാണ്. അന്ന് 482 വനിതകളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

web desk 3: