X
    Categories: CultureMoreViews

വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഇഷ്‌റതിന്റെ മാതാവ് ഹര്‍ജി നല്‍കി

അഹമ്മദാബാദ്: ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കിയ രണ്ട് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ എതിര്‍ത്ത് ഇഷ്‌റത് ജഹാന്റെ മാതാവ് തടസ ഹര്‍ജി നല്‍കി. ഡി.ജി വന്‍സാര, എന്‍.കെ അമീന്‍ എന്നിവരാണ് കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക സി. ബി. ഐ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.
ഇതിനെതിരെയാണ് ഇഷ്‌റതിന്റെ മാതാവ് ഷമീമ കൗസര്‍ തടസ ഹര്‍ജി നല്‍കിയത്. ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് ഹര്‍ജിയില്‍ ഷമീമ കൗസര്‍ പറയുന്നു. സി.ബി.ഐയുടേയും രണ്ട് പൊലീസുദ്യോഗസ്ഥരുടേയും വാദം കേട്ട കോടതി കൗസറിന്റെ തടസ ഹര്‍ജിയില്‍ വാദം കേട്ട ശേഷം മാത്രമേ വിധി പ്രസ്താവം നടത്തൂവെന്ന് അറിയിച്ചു.
ഇഷ്‌റത് ജഹാന്‍ അടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സമയത്ത് ഡി.ജി വന്‍സാരയും എന്‍.കെ അമീനും സ്ഥലത്തുണ്ടായിരുന്നതായും തടസ ഹര്‍ജിയില്‍ ഇഷ്‌റതിന്റെ മാതാവ് ആരോപിക്കുന്നു. തെളിവുകളുടെ അഭാവത്തില്‍ മുന്‍ ഡി.ജി.പി പി.പി പാണ്ഡേയെ കേസില്‍ കുറ്റവിമുക്തനാക്കിയത് ചൂണ്ടിക്കാട്ടിയാണ് വന്‍സാര വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
തനിക്കെതിരെ സി.ബി.ഐ നല്‍കിയിരിക്കുന്ന കുറ്റപത്രം കെട്ടിച്ചമച്ചതാണെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ തക്ക തെളിവുകള്‍ ഇല്ലെന്നും വന്‍സാര വിടുതല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
മുംബൈക്കു സമീപം മുംബ്ര സ്വദേശിനി 19കാരിയായ ഇഷ്‌റത് ജഹാന്‍, ജാവേദ് ഷെയ്ഖ് എന്ന പ്രാണേശ് പിള്ള, അംജദ് അലി അക്ബറലി റാണ, സീഷന്‍ ജൊഹര്‍ എന്നിവരെ 2004 ജൂണ്‍ 15നാണ് അഹമ്മദാബാദിനു സമീപത്ത് വെച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ വന്ന തീവ്രവാദികളാണെന്നാരോപിച്ചാണ് എ.ടി.എസ് സംഘം ഇവരെ വെടിവെച്ചു കൊന്നത്.
എന്നാല്‍ പിന്നീട് ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തി ല്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസന്വേഷണം സി.ബി.ഐക്കു കൈമാറുകയായിരുന്നു. 2013ല്‍ സി.ബി.ഐ നല്‍കിയ ആദ്യ കുറ്റപത്രത്തില്‍ ഡി.ജി വന്‍സാര അടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിരുന്നു.
വന്‍സാര സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, തുള്‍സി റാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലും കുറ്റാരോപിതനായിരുന്നു. കഴിഞ്ഞ വര്‍ഷം മുംബൈ കോടതി വന്‍സാരയെ കുറ്റവിമുക്തനാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: