X

ചെന്നൈ -കൊല്‍ക്കത്ത മത്സരം സമനിലയില്‍; ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സി-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍ അവസാനിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

മത്സരത്തിന്റെ ആദ്യം മുതല്‍ ആക്രമിച്ചു കളിച്ച കൊല്‍ക്കത്തയാണ് ആദ്യം ഗോള്‍ നേടിയത്. 39-ാം മിനിറ്റില്‍ പോസ്റ്റിഗയാണ് ചെന്നൈയിന്‍ വലയില്‍ ആദ്യം പന്തെത്തിച്ചത്. പ്രീതം കോട്ടില്‍ നല്‍കിയ പാസ് പോസ്റ്റിഗ മെഹ്‌റാജുദ്ദീന്‍ വാജുവിനെ മറികടന്ന് വലയിലാക്കുകയായിരുന്നു.
ഗോള്‍ വഴങ്ങിയതോടെ ചെന്നൈയന്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയെങ്കിലും ഗോളിയുടെ മികവ് പലപ്പോഴും കൊല്‍ക്കത്തയ്ക്കു അനുകൂലമായി. 77-ാം മിനിറ്റില്‍ സൂചി ചെന്നൈയിന്റെ സമനില ഗോള്‍ സ്വന്തമാക്കി. ഫില്‍ഹൊ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഹെഡറിലൂടെ സൂചി പോസ്റ്റിലെത്തിക്കുകയായിരുന്നു.

അവസാന നിമിഷം ചെന്നൈയിന് നിരവധി അവസരം ലഭിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. സമനിലയോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനേയും പൂനെയേയും പിന്നിലാക്കി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തെത്തി.

11 മത്സരങ്ങളില്‍ നിന്നു കേരളത്തിനും കൊല്‍ക്കത്തയ്ക്കും പൂനെയ്ക്കും 15 പോയിന്റു വീതമാണുള്ളത്. പക്ഷേ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത മൂന്നാമതെത്തി. പൂനെയാണ് നാലാമത്.
കഴിഞ്ഞ മത്സരത്തിലെ അഞ്ചു ഗോളിന്റെ തോല്‍വിയാണ് കേരളത്തിനു വിനയായത്. ചെന്നൈ സമനിലയോടെ ആറാം സ്ഥാനത്തേക്കു മാറി.

chandrika: