X

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും ഇന്ത്യക്ക് അന്യം; രാം നാഥ് കോവിന്ദിന്റെ സംഘപരിവാര്‍ മുഖം പുറത്ത്

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ ദളിത് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിന്റെ മുന്‍കാല രാഷ്ട്രീയം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു. വിവാദങ്ങളില്‍ പെടാത്ത മികച്ച പ്രതിഛായയുള്ള ദളിത് നേതാവ് എന്നപേരില്‍ അവതരിപ്പിച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖമാണിപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കുമെതിരെ രാം നാഥ് കോവിന്ദ് നടത്തിയ പഴയ പ്രസ്താവനകളാണ് മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ന്യൂനപക്ഷ സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് കോവിന്ദ് നടത്തിയ പ്രസംഗങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വീണ്ടും കുത്തിപ്പൊക്കിയത് ബി.ജെ.പി തീരുമാനത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും ഇന്ത്യക്ക് അന്യമാണെന്നും സംവരണം ഒഴിവാക്കണമെന്നും പറഞ്ഞ രാം നാഥ് കോവിന്ദിന്റെ 2010ലെ പ്രസംഗമാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന വഴി കോവിന്ദിന്റെ സംഘപരിവാര്‍ മുഖമാണ് ഇതോടെ പുറത്തായത്. 2010 ല്‍ മതന്യൂനപക്ഷത്തേയും ദളിത് സംവരണത്തെയും എതിര്‍ത്തുകൊണ്ട് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോള്‍ ദേശീയമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷന്‍ സര്‍ക്കാര്‍ ജോലികളില്‍ 15 ശതമാനം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കവെയാണ് കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം പുറത്ത് വന്നത്. ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നും അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം നടത്തിയ ദളിതരെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള കമ്മീഷന്‍ ശുപാര്‍ശയെ എതിര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

മതമാറിയ ദളിതര്‍ക്ക് സംവരണം നല്‍കിയാല്‍ അവര്‍ പട്ടികജാതി സംവരണ സീറ്റുകളില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും, ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും സംവരണം പങ്കിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോവിന്ദ് വ്യക്തമാക്കി.

എന്നാല്‍ സിഖ് ദളിതുകള്‍ക്ക് സംവരണ പദവിയുണ്ടെല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇസ്ലാമും ക്രിസ്തുമതവും രാഷ്ട്രത്തിന് അന്യമാണെന്നായിരുന്നു കോവിന്ദിന്റെ മറുപടി. ‘മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും നമുക്ക് അന്യരാണ്. ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യം എത്ര മോശമായിരുന്നാലും അവര്‍ക്ക് വിദ്യാഭ്യാസത്തിനോ ഉദ്യോഗങ്ങളിലോ തെരഞ്ഞെടുപ്പുകളിലോ  യാതൊരു സംവരണവും കൊടുക്കരുത്.’ എന്നും കോവിന്ദ് കടുപ്പിച്ച് പറഞ്ഞു.

പട്ടികജാതിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മതപരിവര്‍ത്തനം നടത്തിയ ദളിതരുടെ വിദ്യാഭ്യാസ നിലവാരത്തെക്കാള്‍ താഴെയാണ്. പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതര്‍ സംവരണം ചെയ്യപ്പെട്ട സര്‍ക്കാര്‍ ജോലി നേടുകയാണെന്നും, ഇത് അനുവദിച്ചാല്‍ മതപരിവര്‍ത്തനം വ്യാപകമാകുമെന്നും രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.

ബിജെപി വക്താവായിരിക്കെയായിരുന്നു സംവരണത്തെ എതിര്‍ത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ വിമര്‍ശനങ്ങള്‍. നിതിന്‍ ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോയായിരുന്നു കോവിന്ദ് പാര്‍ട്ടിയുടെ ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍എസ്എസ് അനുഭാവികളെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്. ദളിത് വിഷയങ്ങളില്‍ ആര്‍എസ്എസിന്റ ഉപദേശകരില്‍ പ്രമുഖനാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയും ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണറുമായ രാംനാഥ് കോവിന്ദ്.

chandrika: