X

‘ഇസ്ലാമിക ഭീകരതാ’ പരാമര്‍ശം മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി നടത്തിയ ഇസ്്‌ലാമിക ഭീകരതാ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അമേരിക്കയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പ്രോത്സാഹനം നല്‍കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഭാഗത്താണ് ‘ഇസ്്‌ലാമിക ഭീകരവാദ’ത്തെ ചെറുക്കുമെന്ന് ഇരു രാഷ്ട്രങ്ങളും പറഞ്ഞത്.

ഭീകരവാദത്തിന് മതമില്ലെന്ന് ലോകം മുഴുവന്‍ ആഹ്വാനം നല്‍കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. ട്രംപ് വിശേഷിപ്പിക്കുന്ന ഇസ്്‌ലാമിക ഭീകരവാദമല്ല പാകിസ്താന്റേതെന്നും അവര്‍ നടത്തുന്നത് അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണെന്നും മനീഷ് തിവാരി ആരോപിച്ചു. ഭീകരവാദത്തെ ഇസ്്ലാമിനോട് ചേര്‍ത്ത് വായിക്കുന്ന അമേരിക്കന്‍ നിലപാട് മോദി സ്വീകരിക്കരുതായിരുന്നുവെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു.

അമേരിക്കന്‍ സിദ്ധാന്തം തൊണ്ട തൊടാതെ വിഴുങ്ങുകയാണ് മോദി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പ്രതീക്ഷക്ക് വക നല്‍കുന്ന ഒരു പ്രഖ്യാപനങ്ങളും മോദിയുടെ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട യു.എസ് സന്ദര്‍ശനത്തില്‍ ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.

പുതുതോ വലുതോ ആയ ഒരു ആശയവും മോദി- ട്രംപ് കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞില്ല. ഭീകരവാദം സംബന്ധിച്ച മുന്‍ നിലപാടുകള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന തീരുമാനങ്ങള്‍ ഒന്നും കൂടിക്കാഴ്ചയില്‍ ഉണ്ടായില്ലെന്നും തിവാരി കുറ്റപ്പെടുത്തി.

chandrika: