X

ബുദ്ധിമാന്ദ്യമുള്ള ഫലസ്തീനിയെ വെടിവെച്ചു കൊലപ്പെടുത്തി: വീണ്ടും ഇസ്രാഈല്‍ ക്രൂരത

ബെത്‌ലഹേം: അധിനിവിഷ്ട ഫലസ്തീനിലെ ഹെബ്രോണില്‍ ബുദ്ധിമാന്ദ്യമുള്ള ഫലസ്തീന്‍ യുവാവിനെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. ബാബുല്‍ സാവിയയില്‍ ഫലസ്തീന്‍ പ്രതിഷേധ റാലിക്കിടെയാണ് മുഹമ്മദ് സൈന്‍ അല്‍ ജബരിയെന്ന 24കാരനെ ഇസ്രാഈല്‍ പട്ടാളക്കാര്‍ കൊലപ്പെടുത്തിയത്. വെടിയേറ്റ അല്‍ ജബരിയെ ഹെബ്രോണ്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബുദ്ധിമാന്ദ്യമുള്ള യുവാവിന് സംസാരശേഷിയുണ്ടായിരുന്നില്ലെന്ന് അല്‍ ജബരിയുടെ അമ്മാവന്‍ അബൂ നാസിര്‍ പറഞ്ഞു. ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് അല്‍ ജബരിക്ക് വെടിയേറ്റത്. നിര്‍മാണത്തൊഴിലാളിയായിരുന്ന അദ്ദേഹത്തിന് നാലു വയസുള്ള കുട്ടിയുണ്ട്. ശാരീരിക അവശതകള്‍ക്കിടയിലും ഇസ്രാഈല്‍ വിരുദ്ധ പ്രതിഷേധ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അല്‍ ജബരി എത്തുമായിരുന്നു. ഫലസ്തീനികളെ ഏറെ സ്‌നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അബൂ നാസിര്‍ പറയുന്നു.നഗരത്തിലേക്ക് ഇസ്രാഈല്‍ പട്ടാളക്കാര്‍ കയറുമ്പോഴെല്ലാം അല്‍ ജബരി അസ്വസ്ഥനാകാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

സൈന്യത്തിനുനേരെ പ്രതിഷേധക്കാര്‍ ബോംബെറിയാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് ഇസ്രാഈല്‍ സൈനിക വക്താവ് പറഞ്ഞു. അല്‍ ജബരിയുടെ കൈയിലും ബോംബുണ്ടായിരുന്നുവെന്നാണ് ഇസ്രാഈല്‍ വാദം. അല്‍ ജബരിയുടെ ഖബറടക്ക ചടങ്ങില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ പങ്കെടുത്തു. ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിനെതിരെ ഫലസ്തീനില്‍ എല്ലാ വെള്ളിയാഴ്ചകളിലും പ്രതിഷേധം ശക്തമാണ്.

chandrika: