X

സി.എച്ച് വിടവാങ്ങിയിട്ട് ഇന്ന് 38 വര്‍ഷം;ആ നടുക്കത്തിന്റെ ഓര്‍മകള്‍ ഒരിക്കലും മായില്ല

കണ്ണൂര്‍: സി.എച്ച് മുഹമ്മദ് കോയ എന്ന കൈരളിയുടെ മുന്‍മുഖ്യമന്ത്രിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 38 വര്‍ഷം. നാടുനീളെ മുസ്‌ലിം ലീഗ് ഉന്നത നേതാവിനെ അനുസ്മരിക്കുമ്പോള്‍ പി.വി അബ്ദുറഹ്മാന് പറയാന്‍ ഏറെയാണ്. സിഎച്ചുമായുള്ള ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും ഓര്‍മകള്‍ താലോലിക്കുകയാണ് എംഎസ്എഫിന്റെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ അബ്ദുറഹ്മാന്‍. സിഎച്ച് മരിക്കുമ്പോള്‍ മന്ത്രി ഇ അഹമ്മദിന്റെ പഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു. അതു കൊണ്ടു തന്നെ സിഎച്ചുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞിട്ടുണ്ട്. സി.എച്ചിന്റെ അന്ത്യ വാര്‍ത്തയുണ്ടാക്കിയ നടുക്കത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് അബ്ദുറഹിമാന്‍. 1983 സെപ്തംബര്‍ 28നായിരുന്നു സി.എച്ച് എന്ന പ്രതിഭാവിലാസം എന്നെന്നേക്കുമായി ചരിത്രത്തിലേക്ക് മറഞ്ഞത്. ” വ്യവസായ മന്ത്രി ഇ അഹമ്മദിന്റെ പഴ്്‌സണല്‍ അസിസ്റ്റന്റ് ആയിരുന്നു അന്ന്. സിഎച്ച് അബോധവസ്ഥയില്‍ ഗുരുതരമായി ഹൈദരാബാദ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിയുകയാണ്. വിവരമറിഞ്ഞത് മുതല്‍ ഞങ്ങളെല്ലാം സിഎച്ചിന്റെ ഓഫീസില്‍ കേന്ദ്രികരിച്ചു. ടെലിഫോണ്‍, ടെലിപ്രിന്റര്‍ മെസേജുകള്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്തു കിട്ടിക്കൊണ്ടിരുന്നു. അതീവ ഗുരുതരമായി തുടരുന്നു എന്നല്ലാതെ ഒരിക്കലും പ്രതീക്ഷ നല്‍കുന്ന ഒരു വിവരവുമില്ല. തളം കെട്ടി നില്‍ക്കുന്ന മൂകാന്തരീക്ഷത്തിലേക്ക് പെട്ടന്നാണ് ആ ടെലിപ്രിന്റര്‍ എത്തിയത്. ‘അത്ഭുതങ്ങള്‍ക്ക് മാത്രമേ കോയയെ രക്ഷപ്പെടുത്താന്‍ കഴിയൂ’. ഇതോടെ എല്ലാവരും നിശ്ചലമായി. പ്രതീക്ഷകള്‍ അസ്തമിച്ചെന്ന തോന്നല്‍ . എങ്കിലും വൈദ്യ ശാസ്ത്രം കൈയൊഴിഞ്ഞാലും ഒരു അല്‍ഭുതം അല്ലാഹുവില്‍ നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളെല്ലാം. ഇതിനിടയില്‍ മറ്റൊരു സന്ദേശം കൂടിയെത്തി. ടെലിപ്രന്റര്‍ എടുത്തുവായിച്ചു നോക്കിയപ്പോള്‍ ഞെട്ടി.സിഎച്ച് ഇനിയില്ല.

”സിഎച്ചിന്റെ മരണം പോലെ നടുക്കമുണ്ടാക്കിയ മറ്റൊന്നുണ്ടായിട്ടില്ല. രാത്രിയോടെ മയ്യിത്ത് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തി. വിമാനത്താവളവും പരിസരവും കന്റോണ്‍മെന്റ് ഹൗസിലേക്കുള്ള പാതയോരവും തടിച്ചു കൂടിയ ജനാവലി. മഹാഭൂരിപക്ഷവും രാഷ്ട്രീയ പ്രവര്‍ത്തകരല്ല. അത്ഭുതപ്പെടുത്തുന്ന ഈ ജനക്കൂട്ടം ജീവിത യാത്രയിലുടനീളം അദ്ദേഹം കൊണ്ടുനടന്ന കലര്‍പ്പില്ലാത്ത സാഹോദര്യത്തിന്റെയും മത മൈത്രിയുടെയും വിശ്വാസ്യതയുടെയും അടയാളമായിരുന്നു.മലബാറില്‍ നിന്നുള്ള മുസ്‌ലിം ലീഗ് നേതാക്കളോ സിഎച്ചിന്റെ കുടുംബമോ അന്ന് തലസ്ഥാനത്ത് ഉണ്ടായിരുന്നില്ല. അന്നത്തെ കോണ്‍ഗ്രസ് നിയമസഭകക്ഷി ഉപനേതാവ് ടിഎച്ച് മുസ്തഫയുടെയും, ഡെ.സ്പീക്കര്‍ ഹംസക്കുഞ്ഞിന്റെയും നേതൃത്വത്തില്‍ മയ്യിത്ത് കുളിപ്പിക്കലും അനന്തര കര്‍മങ്ങളും നടന്നു. പാളയം പള്ളി ഇമാം മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. രാവിലെ ദര്‍ബാര്‍ ഹാളിലേക്കു പൊതു ദര്‍ശനത്തിന് എടുക്കുന്നത് വരെയും മയ്യിത്ത് കന്റോണ്‍മെന്റ് ഹൗസില്‍ തന്നെയായിരുന്നു. പിറ്റേന്ന് കോഴിക്കോട് തടിച്ചു കൂടിയ ലക്ഷക്കണക്കായ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും സിഎച്ചിനെ അവസാനമായി ഒരു നോക്കു കാണാന്‍ പ്രയാസപ്പെടേണ്ടി വന്നപ്പോള്‍ മയ്യിത്തിന് അടുത്ത് നില്‍ക്കാനും അന്ത്യകര്‍മ്മങ്ങളില്‍ മുഴുവന്‍ നേരവും പങ്കെടുക്കാനും കഴിഞ്ഞു. മഹാഭാഗ്യമായി ഇന്നും അതിനെ കാണുന്നു.

 

 

web desk 3: