X

മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ പൊലീസ് വേട്ട അവസാനിപ്പിക്കണം; മുസ്‌ലിംലീഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കണമെന്നും ഇതിന് നേതൃത്വം നല്‍കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായ പൊലീസ് വേട്ടയാണ് നടക്കുന്നതെന്നും സ്ഥാപന നടത്തിപ്പുകാരെ ക്രിമിനല്‍ കേസുകളില്‍പെടുത്താന്‍ എന്‍.ഐ.എയും പൊലീസും ഗൂഢാലോചന നടത്തുന്നതായും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി ഇ.ടിയും കെ.പി.എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘പീസ്’ സ്‌കൂളുകളുടെ ഭാരവാഹികള്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്നെന്ന വ്യാജ ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. പീസ് സ്‌കൂളുകളില്‍ പല സമുദായത്തില്‍പെട്ട അധ്യാപകരുണ്ട്. ഒരു ശൃംഖലയായി ഉയര്‍ന്നുവന്ന സ്‌കൂളുകളാണിത്. അതിനെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും ചില പണ്ഡിതര്‍ മതത്തിന്റെ പേരില്‍ തെറ്റായ പ്രചാരണം നടത്തുന്നുണ്ട്. അതിനെ മുസ്‌ലിംലീഗ് അനുകൂലിക്കുന്നില്ല.

എന്നാല്‍ പണ്ഡിതന്മാരുടെ പേരില്‍ യു.എ.പി.എ ചുമത്തുന്നതിനോട് യോജിക്കാനാവില്ല.
മതസൗഹാര്‍ദ്ദത്തെ ഹനിക്കുന്നതും തീവ്രവാദത്തെ വളര്‍ത്തുന്നതുമായ ഏത് നീക്കങ്ങളെയും എല്ലാക്കാലത്തും മുസ്‌ലിം ലീഗ് ശക്തമായി എതിര്‍ത്തിട്ടുണ്ട്. അതൊരു രാഷ്ട്രീയ ധര്‍മമായി ഇപ്പോഴും നിര്‍വഹിച്ചുപോരുന്നു. എന്നാല്‍ തീവ്രവാദത്തിന്റെ പേരില്‍ ന്യൂനപക്ഷ പീഡനം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത് ഗൗരവമായി കണ്ട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇടപെടല്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും നേതാക്കള്‍ പറഞ്ഞു.

chandrika: