X

ഹരിത രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണ്

റിയാസ് ഗസ്സാലി, ബംഗ്ലൂരു

അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക മുസ്‌ലിം രാഷ്ട്രീയത്തിന് വലിയ സാധ്യതകളുള്ള ഭൂമിയാണ്. കര്‍ണ്ണാടകയുടെ കുഗ്രാമങ്ങളിലൂടെയുള്ള യാത്രകളില്‍ പോയ്മറഞ്ഞൊരു മുസ്‌ലിം നാഗരികതയുടെ പ്രോജ്ജ്വലിക്കുന്ന എല്ലാ ചുവരെഴുത്തുകളും കാണാന്‍ സാധിക്കും. നിരവധി സൂഫീ ദര്‍ഗകളും മുസ്‌ലിം കേന്ദ്രീകൃത പിന്നാക്ക പ്രദേശങ്ങളും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രകടമായ ചിഹ്നങ്ങളും ദര്‍ശിക്കാനാകും. കര്‍ണ്ണാടക ഡെക്കാന്‍ പീഠഭൂമിയുടെ ഹൃദയമാണ്. ഉത്തരേന്ത്യയിലെ ഉശിരുള്ള മുസ്‌ലിം സംസ്‌കാരത്തിന്റെ ഉജ്ജ്വല നാളുകള്‍ പോലെത്തന്നെ സൗത്തിന്ത്യയിലും സമാനമായൊരു സംസ്‌കാരവും പൈതൃകവും നിലനിന്നത് ഡെക്കാനിലായിരുന്നു. സൗത്തിന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന സംസ്ഥാനമാണ് കര്‍ണ്ണാടക. മുസ്‌ലിം ജനസംഖ്യാവര്‍ധനവിലും ശ്രദ്ധേയമായ സ്ഥാനമാണ് കര്‍ണ്ണാടകക്കുള്ളത്. 1996 ല്‍ 9.6 ശതമാനമായിരുന്നു മുസ്‌ലിംകളെങ്കില്‍ 2011 ആകുമ്പോഴേക്കും 12.3 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ടിപ്പു സുല്‍ത്താന്റെ വീര പടയോട്ടങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് കന്നട ഭൂമി. ടിപ്പുവിന്റെ കാലം മുതല്‍ വിവിധ കാരണങ്ങളാല്‍ മലബാറുമായി ബന്ധപ്പെട്ടുകിടന്നിരുന്നു കന്നട ദേശങ്ങള്‍. മലബാറിന്റെ സൂഫീ പാരമ്പര്യത്തില്‍ അഭിമാന തിലകമായിരുന്ന സയ്യിദ് ജിഫ്രിയെ കോഴിക്കോട് കുറ്റിച്ചിറയിലെ വസതിയില്‍ ടിപ്പുസുല്‍ത്താന്‍ പരിവാരങ്ങള്‍ സമേതം കാണാന്‍ വന്നതും ജിഫ്രി തങ്ങള്‍ അവരെയും കൂടുയുള്ളവരേയും വലിയ ആതിഥ്യത്തോടെ സ്വീകരിച്ചതും ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നു. ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന ആദില്‍ ഷാ ബാബക്കായിരുന്നു പണ്ഡിത തറവാട്ടിലെ കുലപതി മഖ്ദൂം തങ്ങള്‍ തന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന വിഖ്യാത ഗ്രന്ഥം സമര്‍പ്പണം ചെയ്തത്.
ഹരിത രാഷ്ട്രീയത്തിന് കേരളത്തോളം തന്നെ സാധ്യതകളുള്ള സംസ്ഥാനമാണ് കര്‍ണ്ണാടക. അഞ്ച് എം.എല്‍.എമാരെങ്കിലും ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനംകൊണ്ട് അസംബ്ലിയിലേക്ക് സംഭാവന ചെയ്യാന്‍ സാധിക്കും. കൊടക്, മംഗലാപുരം, ബാംഗ്ലൂര്‍ തുടങ്ങിയ മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങളിലെ ചടുലമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്ന ഫലം ദക്ഷിണേന്ത്യയില്‍ മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് കരുത്താകുമെന്നതില്‍ സംശയമില്ല. കേരത്തില്‍ മാതൃകാപരമായ രഷ്ട്രീയം നടത്തിവരുന്ന മുസ്‌ലിം ലീഗിന്റെ ആശ്രിതത്തിലേക്ക് മാറാന്‍ ഇവിടുത്തെ ജനങ്ങളും ശക്തമായി ആഗ്രഹിക്കുന്നുണ്ടെന്നതാണ് വാസ്തവം.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കര്‍ണ്ണാടകയിലെ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ നിരവധിയാണ്. സാമൂഹികവും സാമ്പത്തികവുമായ വ്യവഹാരങ്ങളില്‍ കാര്യപ്രാപ്തിയോടെ ഇടപെടാന്‍ ശേഷിയുള്ളൊരു സാമുദായിക ഐക്കണുകള്‍ ഇപ്പോഴും കര്‍ണ്ണാടകയില്‍ ഉയര്‍ന്നുവന്നിട്ടില്ല. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മൗലിക തലങ്ങളിലേക്കും സമുദായം വേണ്ടത്ര ശ്രദ്ധ ചെലുത്തി തുടങ്ങിയിട്ടില്ല. മുസ്‌ലിംകളുടെ രക്ഷാകര്‍തൃത്വം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്ന നേതൃത്വത്തിന്റെ അഭാവമാണ് കേരളേതര സംസ്ഥാനങ്ങളെ പോലെ കന്നടയിലെയും പ്രധാന വെല്ലുവിളി. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി വളരെ അടുത്ത കാലം വരെ മുസ്‌ലിം പ്രതാപത്തിന്റെ എല്ലാ ഉജ്ജ്വല ചിഹ്നങ്ങളും ഇവിടെ നിലനിന്നിരുന്നു എന്നതാണ് വസ്തുത. 1799 വരേക്കുമുള്ള ടിപ്പു സുല്‍ത്താന്റെ പടയോട്ടങ്ങള്‍ പകര്‍ന്ന ഊര്‍ജ്ജപ്രവാഹം ഇപ്പോഴും നിലച്ചിട്ടില്ല. അതേസമയം ആ പ്രചോദിത ചരിത്രസംഭവങ്ങളുടെ തുടരൊഴുക്കിനെ തങ്ങള്‍ക്കനുകൂലമാം വിധം മാറ്റാന്‍ ശ്രമിക്കുകയാണ് തീവ്രവാദ സംഘടനകള്‍. കേരളത്തില്‍ നടക്കുന്ന സമ്മേളനങ്ങളിലേക്ക് പോലും ഏറ്റവും കൂടുതല്‍ അണികളെ എത്തിക്കുന്നത് കര്‍ണ്ണാടകയില്‍ നിന്നാണ്. രാഷ്ട്രീയാവബോധമുള്ള കേരളത്തിലെ ജനത അവരെ തൂത്തെറിഞ്ഞപ്പോള്‍ കഴിഞ്ഞ ബംഗ്ലൂരു മുന്‍സിപ്പാലിറ്റി തെരെഞ്ഞടുപ്പില്‍ ഒരു കൗണ്‍സിലറെ വിജയിപ്പിച്ചെടുക്കാനും അവര്‍ക്ക് സാധിച്ചു. അഥവാ ഇത്തരം വിപല്‍ ശക്തികള്‍ അപകടകരമാംവിധം മറച്ചുവെച്ചിരിക്കുന്ന അജണ്ടകള്‍ മറനീക്കി പുറത്തുകൊണ്ടുവരികയും അതിനെതിരെ ആശയപരമായും രാഷ്ട്രീയപരമായും പ്രതിരോധം തീര്‍ക്കുകയും ചെയ്തില്ലെങ്കില്‍ കേരളത്തിന്‌പോലും ഭീഷണിയാകുന്ന തരത്തില്‍ അവര്‍ വളര്‍ന്നേക്കാവുന്ന സാഹചര്യത്തെ ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. ഹരിത രാഷ്ട്രീയം ചുവടുറപ്പിക്കേണ്ട ഇടങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിട്ടുകൊടുത്താലുള്ള അപകടങ്ങള്‍ അചിന്തനീയമാണ്.
ബംഗ്ലൂരു പോലെ കര്‍ണ്ണാടകയിലെ പ്രധാന നഗരങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റവും തൊഴില്‍, വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായുള്ള വരവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ അഞ്ചു ലക്ഷത്തിലേറെ മലയാളികള്‍ ബംഗ്ലൂരു നഗരത്തില്‍ മാത്രം കഴിയുന്നുണ്ട്. അതില്‍ ഒരു ലക്ഷത്തിലേറെ പേര്‍ സ്ഥിരം താമസക്കാരും വോട്ടവകാശം ഉള്ളവരുമാണ്. ചില മണ്ഡലങ്ങളിലൊക്കെ മലയാളികള്‍ നിര്‍ണ്ണായക ശക്തിയാണ് എന്നര്‍ത്ഥം. കെ.എം.സി.സി, കേരള സമാജം പോലെയുള്ള സംഘടനകളാണ് മലയാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് മുന്നിട്ടറങ്ങാറ്. ബംഗ്ലൂരുവിലെ രാഷ്്ട്രീയക്കാര്‍ക്കു പോലും അതുകൊണ്ടു തന്നെ കെ.എം.സി.സി നേതാക്കളെയും പ്രവര്‍ത്തകരെയും ഏറെ മതിപ്പോടെയാണ് നോക്കികാണുന്നത്.
കര്‍ണ്ണാടകയുടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനും വോട്ട് ബാങ്ക് നിലനിര്‍ത്താനും വലിയ തന്ത്രങ്ങള്‍ പയറ്റുന്നയാളാണ്. മുസ്‌ലിം പ്രീണനം അജണ്ടയായി പ്രയോഗിക്കുന്നതില്‍ സിദ്ധരാമയ്യക്ക് പ്രത്യേക മിടുക്കുണ്ട്. ഭക്ഷണ വിതരണവും വസ്ത്ര വിതരണവുമൊക്കെ നടത്തി വോട്ടാകര്‍ഷിക്കുന്ന പഴഞ്ചന്‍ രീതികളാണ് രാഷ്ട്രീയക്കാര്‍ പ്രയോഗിക്കുന്നത്. അത്തരം രീതികളില്‍ ട്രാപ്പാവുന്ന അണികളുമാണ് കര്‍ണ്ണാടകയുടെ വലിയ ദൗര്‍ബല്യം. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നേതൃത്വത്തിനായി ഇവിടുത്തെ ന്യൂനപക്ഷം ദാഹിച്ചിരിക്കുകയാണ്. ദേശീയ തലത്തില്‍ തന്നെ വലിയ ശാക്തീകരണ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുന്ന ഖാഇദേ മില്ലത്തിന്റെ ഹരിത രാഷ്ട്രീയത്തിന് ഇനി കന്നട ഭൂമിയും അന്യമല്ല.

chandrika: