X

റേഷന്‍ കടകള്‍ക്കു മുമ്പില്‍ മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം

കോഴിക്കോട്: ദേശീയ ഭക്ഷ്യ ഭദ്രതാനിയമത്തിന്റെ പേരില്‍ കാലങ്ങളായി കേരള ജനത അനുഭവിച്ചു വരുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അത്യന്തം അപലപനീയമാണെന്ന് മുസ്‌ലിംലീഗ്. റേഷന്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കേരളീയരെ പട്ടിണിയിലേക്ക് തള്ളി വിട്ട് എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് പൂര്‍ണ്ണമായും റേഷന്‍ നിഷേധിക്കുന്നതും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ ഗണ്യമായി വെട്ടിക്കുറക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാറിന്റെ നടപടിയും ന്യായീകരിക്കത്തക്കതല്ല.

 

യഥാസമയം കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യമായ സമ്മര്‍ദ്ദം കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. മുന്‍ഗണനാലിസ്റ്റ് തയാറാക്കുന്നതിലും അപകടകരമായ പിഴവു വരുത്തി. ഇക്കാരണത്താല്‍ വയോധികരും സ്ത്രീകളുമടക്കമുള്ള പാവങ്ങള്‍ ലിസ്റ്റില്‍ സ്വന്തം പേര് തിരയുന്ന ദയനീയ കാഴ്ചയാണ് റേഷന്‍ ഷാപ്പുകള്‍ക്ക് മുമ്പില്‍ കാണുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങളെ ആശങ്കയിലാക്കിയ കേന്ദ്ര-കേരള സര്‍ക്കാറുകളുടെ നടപടിക്കെതിരെ ഇന്നും നാളെയുമായി സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കു മുമ്പിലും പ്രകടനവും പ്രതിഷേധ സംഗമവും നടത്താന്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആഹ്വാനം ചെയ്തു. എല്ലാ വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും, ജനപ്രതിനിധികളും പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

chandrika: