X

മുസ് ലിംലീഗ്‌ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ മാര്‍ച്ച് 8, 9, 10 തിയതികളില്‍ ചെന്നൈയില്‍; പ്രാരംഭം നാളെ മഹാനഗരിയില്‍

കാത്തുകാത്തിരുന്ന ആ സുദിനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. 1948 മാര്‍ച്ച് 10ന് ചെന്നൈ ബാങ്ക്വറ്റിംഗ് ഹാളില്‍ രൂപീകരിക്കപ്പെട്ട് ഇന്ത്യയുടെ ന്യൂനപക്ഷ ഹൃദയങ്ങളില്‍ പ്രതീക്ഷയുടെ വെട്ടമായി ഉയര്‍ന്നുനില്‍ക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷപരിപാടികള്‍ക്ക് നാളെ അതേ തെന്നിന്ത്യന്‍ മഹാനഗരിയില്‍ പ്രാരംഭം കുറിക്കും. അപകര്‍ഷതാബോധത്തിന്റെ ആഴങ്ങളില്‍ നിന്ന് ‘അഭിമാനകരമായ അസ്തിത്വ’ ത്തിലേക്ക് കൈപിടിച്ച് നടത്തിയ മഹാപ്രസ്ഥാനം 75 ന്റെ നിറവിലേക്ക്. മൂന്ന് ദിവസങ്ങളിലായിട്ടാണ് സമ്മേളനം നടക്കുക. മാര്‍ച്ച് 8 ന് സംഘടിപ്പിക്കുന്ന സമൂഹവിവാഹം. മാര്‍ച്ച് 9 ന് കലൈവാണം അരങ്കം ദേശീയപ്രതിനിധി സമ്മേളനത്തിന് സാക്ഷിയാകും. മതേതര ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പ്രതിനിധി സമ്മേളനം വേദിയാകും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇതോടെ തുടക്കമാകും. മതേതര ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്ര നിര്‍മ്മാണത്തില്‍ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ പങ്ക്, ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനില്‍പിന്റെയും ഏഴര പതിറ്റാണ്ട് എന്നീ പ്രമേയങ്ങളാണ് പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യുക.

മാര്‍ച്ച് 10 ന് രാവിലെ ചരിത്രമുറങ്ങുന്ന രാജാജി ഹാളില്‍ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. പുതിയ കാലത്തിന്റെ പോരാട്ടങ്ങളുടെ നിയോഗമേറ്റെടുത്ത് പ്രതിനിധികള്‍ പ്രതിജ്ഞ ചെയ്യുന്നതാണ് ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. തമിള്‍, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ പ്രതിജ്ഞ നടക്കും. തുടര്‍ന്ന് വൈകിട്ട് ഓര്‍ഡ് മഹാബലിപുരം റോഡിലെ വൈ എം സി എ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറില്‍ ലക്ഷങ്ങള്‍ അണിനിരക്കുന്ന മഹാറാലി നടക്കും. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ റാലിയില്‍ മുഖ്യാതിഥിയാകും. തമിള്‍ നാട്ടിലെ വാളന്റിയര്‍ മാര്‍ അണിനിരക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡിനും സമ്മേളന നഗരി സാക്ഷിയാകും.

ഐതിഹാസിക സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകള്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്യത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധി സമ്മേളനത്തിനെത്തുന്ന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, എസ് റ്റി യു, വനിതാ ലീഗ് അടിക്കമുള്ള പോഷക സംഘടനകളുകളുടെ ദേശീയ കമ്മിറ്റികളുടെ കൂടി സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ കേരളം ,തമിള്‍ നാട് എന്നിവിടങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് മഹാറാലിയില്‍ അണിനിരക്കുക.പ്രവര്‍ത്തകരെ ചെന്നൈയിലെത്തിക്കുന്നതിന് വേണ്ടി വാഹനങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍, പോണ്ടിച്ചേരി, പഞ്ചാബ്, ജാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്ന് മുതല്‍ എത്തിച്ചേരും. മുസ്ലിം ലീഗ് ദേശീയ ഭാരവാഹികള്‍, വിവിധ സംസ്ഥാന ഭാരവാഹികള്‍ യൂത്ത് ലീഗ് അടക്കമുള്ള പോഷക സംഘടനകളുടെ ദേശീയ ഭാരവാഹികളുടെ നേതൃത്വത്തില്‍ നിരവധി സബ് കമ്മിറ്റികള്‍ ഇതിനായി രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നിട്ട 75 വര്‍ഷക്കാലത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തനം അടയാളപ്പെടുത്തുന്ന പ്രചാരണ പരിപാടികളും ചെന്നൈ സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ഖാഇദെ മില്ലത്തും സീതി സാഹിബും ബി പോക്കര്‍ സാഹിബും ഉപ്പി സാഹിബും ബാഫഖി തങ്ങളും സി എച്ചും സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളും ബനാത്ത്‌വാലയും ഇബ്രാഹിം സുലൈമാന്‍സേട്ടും ഇ അഹമ്മദ്‌സാഹിബും സയ്യിദ് ഹൈദരലിശിഹാബ് തങ്ങളും തുടങ്ങിയ പ്രഗല്‍ഭരായ നേതാക്കന്‍മാരിലൂടെ കരുത്ത്‌നേടിയ മുസ്ലിംലീഗിന്റെ അഭിമാനകരമായ സന്ദേശം വരുംതലമുറക്ക് കൈമാറുക എന്നതാണ് പാര്‍ട്ടി ദേശീയകമ്മിറ്റി ലക്ഷ്യം വക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ നിലപാട് തറയിലുറച്ച് നിന്ന് ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്റെ മഹിത മാതൃക തീര്‍ത്ത മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് പ്രസക്തിയേറിയിരിക്കുന്നു. ഫാസിസം രാജ്യത്തിന്റെ ആത്മാവിനെ കാര്‍ന്ന് തിന്നുന്ന വര്‍ത്തമാനകാലത്ത് പാര്‍ലമെന്റിലും തെരുവുകളിലും മുസ്ലിം ലീഗ് പോരാട്ടം തുടരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമ പോരാട്ടത്തിന്റെ മുന്‍നിരയിലും മുസ്ലിം ലീഗുണ്ട്. 1948 മാര്‍ച്ച് 10 ന് ഖാഇദെ മില്ലത്ത് രൂപം കൊടുത്ത രാഷ്ട്രീയത്തെ അഭിമാനത്തോടെ നെഞ്ചേറ്റിയ കേരളത്തിലെ യു തമിള്‍ നാട്ടിലെയും ന്യൂനപക്ഷ മുസ്ലിംസമൂഹം അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഭരണകൂടം ന്യൂനപക്ഷ അവകാശങ്ങളുടെ ഘാതകരമായി മാറുന്ന വര്‍ത്തമാനത്തെയും പ്രതിസന്ധികളുടെ വരും കാലത്തെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ മുസ്ലിം പിന്നോക്ക ജനവിഭാഗങ്ങളെയും സജജരാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പ്രതിനിധി സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ നടക്കും.രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, കലാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ഉത്തരേന്ത്യയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തനം ശക്തമാക്കാനും തദ്ദേശ സ്ഥാപനങ്ങളിലും നിയമ നിര്‍മ്മാണ സഭകളിലും പ്രാതിനിധ്യം ഉണ്ടാക്കാനുമാവശ്യമായ കര്‍മ്മ പദ്ധതി തയ്യാറാക്കും.ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തിലേക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ പാര്‍ട്ടിയെ സജ്ജമാക്കാനുള്ള അവസരമായിട്ടാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ നേതൃത്വം നോക്കിക്കാണുന്നത്.

ദേശീയ ഓര്‍ഗനൈസിങ് സെക്രെട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ എം പി അബ്ദുസ്സമദ് സമദാനി എം പി, ദേശീയ അസിസ്റ്റന്റ് സെക്രെട്ടറി സി കെ സുബൈര്‍.മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രെട്ടറി അഡ്വ വി കെ ഫൈസല്‍ ബാബു, എം എസ് എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

webdesk14: