X

ഭയപ്പെടരുത്; നീതിക്കുവേണ്ടി പ്രതികരിക്കുക: മുസ്്‌ലിംലീഗ്

 

മലപ്പുറം: ലോകമനസ്സാക്ഷിക്കുമുമ്പില്‍ രാജ്യം തലകുനിച്ച് നില്‍ക്കേണ്ട സംഭവങ്ങളാണ് ഉത്തരേന്ത്യയില്‍ നിന്ന് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
പിഞ്ചുകുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ കുറ്റക്കാരെ സംരക്ഷിക്കാനും ഇരകളെ ഭീഷണിപ്പെടുത്തി ആട്ടിയോടിക്കാനും പരാതിക്കാരെ മര്‍ദിച്ചുകൊലപ്പെടുത്താനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ജമ്മുവിലെ കത്വയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. ജമ്മുവിലെ എട്ടുവയസ്സുകാരി പെണ്‍കുട്ടി ക്ഷേത്രത്തില്‍ ചുമതലക്കാരന്റെയും പൊലീസുകാരുടെയും കൊടും ക്രൂരതക്കിരയായത് എട്ട് ദിവസത്തോളമാണ്. ഒടുവില്‍ മൃഗീയമായി കൊല്ലപ്പെടുകയും ചെയ്തു. നാടോടികളെ കുടിയൊഴിപ്പിക്കാന്‍ സവര്‍ണര്‍ നടത്തിയ ക്രൂരവിനോദമായിരുന്നു ഇതെന്ന കുറ്റപത്രം മനസ്സാക്ഷിയുള്ളവരുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്.
ലോകം ഇരയാക്കപ്പെട്ട പെണ്‍കുഞ്ഞിനായി പ്രാര്‍ഥനയില്‍ മുഴുകിയപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ പ്രകടനം നടത്തുകയാണ് ബി.ജെ.പി മന്ത്രിമാരും നേതാക്കളും ചെയ്തത്. രാജ്യത്തിന് തന്നെ അപമാനകരമായ പ്രവൃത്തിയാണി ത്. ഉത്തര്‍പ്രദേശിലെ ഉന്നാവോ കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ എം.എല്‍.എയെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ്.
പരാതി ഉന്നയിച്ചെത്തിയ ഇരയുടെ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സാധാരണക്കാരില്‍ ഭയംനിറച്ച് നിശബ്ദരാക്കുകയെന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങള്‍. ഫാസിസ്റ്റ് ഭരണത്തിന്റെ ഭീകരമുഖമാണ് യഥാര്‍ഥത്തില്‍ പുറത്ത് വന്നിരിക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ജീവിതം അനുദിനം ദുസ്സഹമാകുകയാണ്്. കോര്‍പറേറ്റുകള്‍ക്കും സവര്‍ണര്‍ക്കും വേണ്ടി മാത്രം ഭരണം നടത്തുകയും അതിന് ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും രക്തമൊഴുക്കുകയുമാണ് മോദി ചെയ്യുന്നത്. ഇത്തരം പാര്‍ശ്വവത്കരണ നീക്കങ്ങള്‍ക്കെതിരെ ഭയപ്പെടാതെ ആവശ്യമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയാണ് ജനാധിപത്യ മതേതര വിശ്വാസികള്‍ ചെയ്യേണ്ടത്.
ഇതിനായി മുസ്്‌ലിംലീഗ് എന്നും നിലകൊള്ളും. മുസ്്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ പ്രകടനവും ബഹുജന സംഗമവും നടത്തും. മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട് നടത്തുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്നും കെ.പി.എ മജീദ് അഭ്യര്‍ഥിച്ചു.

chandrika: