X

ജയലളിതയുടെ മരണം; തമിഴ്‌നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ജയലളിത ചികിത്സയിലിരിക്കെ ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് അവരെ മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജയലളിതയുടെ മരണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. ഡിസംബര്‍ ഏഴിനാണ് ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ നല്‍കിയത്. സെപ്തംബര്‍ 22 ന് അപ്പോളോ ആസ്പത്രിയില്‍ പനിയും നിര്‍ജ്ജലീകരണവും മൂലമാണ് ജയലളിതയെ പ്രവേശിപ്പിച്ചത്. 75ദിവസത്തെ ആസ്പത്രി ജീവിതത്തിനുശേഷമാണ് ജയലളിത മരണത്തിന് കീഴടങ്ങുന്നത്.

അന്‍പത് ദിവസത്തോളം വിദഗ്ധ ചികിത്സ നല്‍കിയതിനെത്തുടര്‍ന്ന് ജയലളിതയെ നവംബര്‍ 19 ന് ഐസിയുവില്‍ നിന്ന് മള്‍ട്ടി ഡിസിപ്ലിനറി ക്രിട്ടിക്കല്‍ യൂണിറ്റിലേയ്ക്ക് മാറ്റിയിരുന്നു. ഡിസംബര്‍ 4 ന് വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായി.പിന്നീട് ഇസിഎംഒ എന്ന ജീവന്‍രക്ഷാഉപകരണം ഘടിപ്പിച്ചു. ഡിസംബര്‍ അഞ്ചിന് അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജയയുടെ രോഗവിവരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അത് അവരുടെ സ്വകാര്യ കാര്യങ്ങളാണെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയിച്ചു.

chandrika: