X

തമിഴകത്തിന്റെ നെഞ്ചിലൂടെ വിലാപയാത്ര

ജനസഞ്ചയത്തെ സാക്ഷിയാക്കി തമിഴകത്തിന്റെ അമ്മ മണ്ണോടുചേര്‍ന്നു. തങ്ങളുടെ പ്രിയ നേതാവിനെ യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ചെന്നൈ മറീനാ ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്‌കരിക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട തലൈവിയെ കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആയിരങ്ങളാണ് രാജാജി ഹാളിലേക്ക് ഒഴുകിയെത്തിയത്. ദുഃഖം തളം കെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മുഴുവന്‍ റോഡുകളും സംഗമിക്കുന്ന വേദിയായി രാജാജി ഹാള്‍ മാറി. പലരും സങ്കടം സഹിക്കാനാകാതെ വിതുമ്പി. ചിലര്‍ വാവിട്ട് നിലവിളിച്ചു. നിയന്ത്രണങ്ങളും ബാരിക്കേഡും ലംഘിച്ച് പലരും അമ്മയെ ഒരു നോക്കുകാണാന്‍ പൊലീസിനോട് കെഞ്ചി.

വൈകീട്ട് 4.15 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് ഭൗതികദേഹം സംസ്‌കാരത്തിനായി മറീന ബീച്ചിലേക്ക് എടുക്കുമ്പോഴും വന്‍ ജനാവലി രാജാജി ഹാള്‍ പരിസരത്ത് തമ്പടിച്ചിരുന്നു. ദേശീയപതാക പുതപ്പിച്ച് പ്രത്യേക പേടകത്തില്‍ കിടത്തിയ ഭൗതികദേഹം സൈനികരുടെ അകമ്പടിയോടെയാണ് വിലാപയാത്രയായി പുഷ്പാലംകൃത വാഹനത്തില്‍ കയറ്റിയത്. വാവിട്ട് കരഞ്ഞും നെഞ്ചത്തടിച്ച് നിലവിളിച്ചും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ വാഹനത്തെ അനുഗമിച്ചു. ജനബാഹുല്യം കാരണം വാഹനത്തിന് പതുക്കെ മാത്രമേ നീങ്ങാനായുള്ളൂ. ശശികലക്കും മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും വാഹനത്തില്‍ സ്ഥാനം പിടിച്ചു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നു പോകുന്ന റോഡിന്റെ ഇരുവശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായി മാറി. പൊലീസ് നിര്‍ദേശം അനുസരിച്ച് ആദ്യം റോഡരികില്‍ നിലയുറപ്പിച്ചവര്‍ പിന്നീട് വാഹനത്തെ പൊതിഞ്ഞു. 4.20ന് തുടങ്ങിയ വിലാപയാത്ര ഒന്നര കിലോമീറ്റര്‍ പിന്നിട്ട് മറീന ബീച്ചില്‍ എത്തുമ്പോഴേക്കും അഞ്ചര മണി കഴിഞ്ഞിരുന്നു. ഇതിനകം തന്നെ മറീന ബീച്ച് പരിസരം ജനലക്ഷങ്ങളാല്‍ നിറഞ്ഞു.

മൃതദേഹം ചില്ലുപേടകത്തില്‍ നിന്ന് പുറത്തെടുത്തതോടെ ജനസാഗരം വാവിട്ടു കരഞ്ഞു. കര, വ്യോമ, നാവിക സേനകള്‍ പ്രത്യേകമായി സല്യൂട്ട് ചെയ്ത് ബ്യൂഗിള്‍ മുഴക്കിയതോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനാചരണം. കറുത്ത വസ്ത്രമണിഞ്ഞ് നിറകണ്ണുകളോടെ തോഴി ശശികല എല്ലാറ്റിനും സാക്ഷിയായി അരികെ നിന്നു. 30 അടി അകലെ നിന്നാണ് ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്. മുഖ്യമന്ത്രി പനീര്‍ ശെല്‍വവും പിന്നാലെ മറ്റു മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും മൃതദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ് എന്നിവരും അന്ത്യപ്രണാമം അര്‍പ്പിച്ചു.
മറീന ബിച്ചിലെ അണ്ണാദുരൈയുടേയും എം.ജി.ആറിന്റേയും സ്്മൃതി മണ്ഡപത്തിനു സമീപം പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് ജയയ്ക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ജയയുടെ സംസ്‌കാരം. ഹിന്ദു ആചാരപ്രകാരം സ്വന്തമായി മക്കളില്ലാത്തതിനാല്‍ ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്‌കരിക്കുകയായിരുന്നു. തോഴി ശശികലയും ഇളവരശിയുടെ മകന്‍ വിവേകും അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തില്‍ ജയയുടെ ഭൗതിക ശരീരം കുഴിമാടത്തിലേക്കിറക്കുമ്പോള്‍ ചിലര്‍ വാവിട്ടു നിലവിളിച്ചു. സങ്കടം ഒതുക്കിവെക്കാനാവാതെ വിതുമ്പി. എങ്കിലും തങ്ങളുടെ പ്രിയ അമ്മ ഇനി ഇല്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും അതിവൈകാരികതയിലേക്കു കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനും അണ്ണാഡി.എം.കെ പ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തി. 4.15 ഓടെ പൊതു ദര്‍ശനം കഴിഞ്ഞ് ജയലളിതയുടെ ഭൗതിക ശരീരം സംസ്‌കാരത്തിനായി രാജാജി ഹാളില്‍ നിന്നും പുഷ്പാലങ്കൃതമായ വാഹനത്തില്‍ കൊണ്ടു പോകുമ്പോഴേക്കും വന്‍ ജനാവലി മറീന ബീച്ചില്‍ തമ്പടിച്ചിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നും കൊണ്ടു വന്ന രണ്ട് ടണ്‍ പൂക്കള്‍ 40 പേര്‍ ചേര്‍ന്ന് പത്ത് മണിക്കൂര്‍ പണിയെടുത്താണ് സേനയുടെ ട്രക്ക് മൃതദേഹം കൊണ്ടു പോകുന്നതിനായി അലങ്കരിച്ചത്.

എം.ജി.ആറിന്റെ മൃതദേഹം സംസ്‌കരിച്ച അണ്ണാ സ്‌ക്വയറില്‍ തന്നെ തന്റെ മൃതദേഹവും അടക്കം ചെയ്യണമെന്ന ജയലളിതയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ നിശ്ചയിച്ചത്. നേരത്തെ തങ്ങളുടെ പ്രിയപ്പെട്ട ‘അമ്മയെ’ അവസാനമായി ഒരു നോക്കു കാണാനെത്തിയ ജനസഞ്ചയം കൊണ്ട് പൊതു ദര്‍ശനത്തിനു വെച്ച രാജാജി ഹാളും സംസ്‌കാര ചടങ്ങുകള്‍ നടന്ന മറീന ബീച്ചും നിറഞ്ഞു കവിഞ്ഞു. പുലര്‍ച്ചെ മുതല്‍ രാജാജി ഹാളിലേക്ക് ഒഴുകിയ ജന സഹ്രസങ്ങള്‍ക്കു പുറമെ രാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ വിവിധ കക്ഷി നേതാക്കള്‍ മന്ത്രിമാര്‍ സിനിമ, സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും അന്തിമോപചാരമര്‍പ്പിച്ചു. ജയലളിതയുടെ വിയോഗത്തില്‍ അനുശോചിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി.

chandrika: